ചെങ്ങമനാട് : കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ
കീഴിൽ പണിയെടുക്കുന്ന നെയ്ത്ത് തൊഴിലാളികളെയും ഫാക്ടറി തൊഴിലാളികളെയും ഈ ഓണം നാളിൽ പോലും പട്ടിണിയിൽ നിന്നും മുഴുപട്ടിണിയിലേക്ക് തള്ളിവിട്ട കോർപ്പറേഷൻ ചെയർമാൻ തൽസ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് കേരള സ്റ്റേറ്റ് ബാംബൂ വർക്കേഴ്സ് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റെന്നി പാപ്പച്ചൻ ആവശ്യപ്പെട്ടു .
നെയ്ത്തു തൊഴിലാളികൾക്ക് 64 മാസക്കാലത്തെ ഡി.എ. കുടിശ്ശിക നിലനിൽക്കുന്നു. ഫാക്ടറി തൊഴിലാളികൾക്ക് 13 മാസത്തെ ശമ്പള കുടിശ്ശിക നിലനിൽക്കുന്നു. പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും നിലച്ചിട്ട് വർഷങ്ങളായി.
24000 രൂപയിൽ താഴെ ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് 7000 രൂപ ബോണസായി വിതരണം ചെയ്യുമെന്ന സർക്കാരിൻ്റെയും ചെയർമാൻ്റെയും വാഗ്ദാനം പാലിക്കാതെ ഈ മേഖലയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും ജീവനക്കാരെയും വഞ്ചിച്ചു കൊണ്ടിരിക്കുന്ന് റെന്നി പാപ്പച്ചൻ ആരോപിച്ചു.
ബാംബൂ കോർപ്പറേഷന് ഒരു കോടി 20 ലക്ഷം രൂപ ബോണസിനും ദൈനംദിന ചിലവിനുമായി സർക്കാർ നൽകി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇന്നുവരെയും ഒരു തൊഴിലാളിക്ക് പോലും ബോണസ് വിതരണം ചെയ്തതായി അറിവില്ലന്ന് പ്രസിഡന്റ് പറഞ്ഞു.
ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ജീവനക്കാരും മുഴു പട്ടിണിയിലാണ്. സർക്കാർ അനുവദിച്ച പണം സമയത്തിന് വിതരണം ചെയ്യാൻ ചെയർമാന് സാധിച്ചില്ലെങ്കിൽ തൽസ്ഥാനം എത്രയും വേഗം രാജിവച്ച് ഒഴിയണമെന്ന് ബാംബൂ വർക്കേഴ്സ് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.



