കോട്ടയം: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ 16ാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. വൈക്കം നഗരസഭ ഉള്‍പ്പെടെ 8 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി നശിപ്പിക്കും. വൈക്കം നഗരസഭ ഉള്‍പ്പെടെ ഏട്ട് തദ്ദേശ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചി ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു
പക്ഷികളില്‍ പടരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെയുമാണ് വൈറസ് പുറത്തു വരിക. വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം. ഇവയുമായുള്ള സമ്പര്‍ക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകള്‍ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്



