Saturday, April 19, 2025
No menu items!
Homeവാർത്തകൾകേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു

കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു

പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു. നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ എത്തുക.

ട്രാക്കിന്റെ ശക്തി, ക്ലിയറൻസ്, പ്രവർത്തന സാധ്യത എന്നിവ വിലയിരുത്തുന്നതിനായി രണ്ട് ഡബിൾ ഡെക്കർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നാല് കോച്ചുകൾ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. ഡബിൾ ഡെക്കർ ശൃംഖലയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതിന് തടസ്സമായിരുന്ന മുൻകാല പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയായിരുന്നു ഈ പരീക്ഷണം. ക്ലിയറൻസ് കുറഞ്ഞ റോഡ് പാലങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് കേരളത്തിന് പലപ്പോഴും വെല്ലുവിളിയായത്. വള്ളത്തോൾ നഗർ, ഷൊർണൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും പരിസരങ്ങളിലെയും നിരവധി പാലങ്ങൾ ഡബിൾ ഡെക്കർ കോച്ചുകളുടെ ഉയരവുമായി യോജിക്കുന്നില്ല. മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ഒരു ഡബിൾ ഡെക്കർ ഇടനാഴി ഉണ്ടാകാനുള്ള സാധ്യത ദക്ഷിണ റെയിൽവേ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, സമാനമായ വെല്ലുവിളികൾ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു. 

ഘടനാപരമായ മാറ്റങ്ങൾ വളരെ കുറവ് മാത്രം ആവശ്യമുള്ള റൂട്ടുകൾ പരി​ഗണിക്കുമ്പോൾ പാലക്കാട് വരെ സർവീസ് നീട്ടുന്നതാണ് പ്രായോഗികം. നിലവിൽ മധുരയെ ഡിണ്ടിഗൽ വഴി പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് പരി​ഗണനയിലുള്ളത്. കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള പ്രവർത്തനക്ഷമമായ ട്രാക്കുകൾ ഇതിന് അനുയോജ്യമാണെന്നാണ് വിവരം. ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത് സാധാരണ ട്രെയിനുകളുടെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്നും യാത്രാ സുഖം മെച്ചപ്പെടുത്തുമെന്നുമാണ് റെയിൽവേയുടെ വിലയിരുത്തൽ. ജനങ്ങളുടെ പ്രതികരണവും ഡബിൾ ഡെക്കർ ട്രെയിനിന്റെ കേരളത്തിലെ പ്രകടനവും വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ മേഖലകളിലും സമാനമായ സർവീസുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments