Monday, July 7, 2025
No menu items!
Homeവാർത്തകൾകേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജർമനിയില്‍ വര്‍ക് സ്പേസ്: അഡെസോയുമായി ധാരണാപത്രം ഒപ്പിട്ട് സ്റ്റാർട്ടപ്പ് മിഷൻ

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജർമനിയില്‍ വര്‍ക് സ്പേസ്: അഡെസോയുമായി ധാരണാപത്രം ഒപ്പിട്ട് സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ്  മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ വര്‍ക് സ്പേസും അനുബന്ധ സൗകര്യങ്ങളും ലഭിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഐഎന്‍ പ്രമോദും ഒപ്പുവച്ചു. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ 2024 നോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്.

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ സുപ്രധാന സഹകരണമാണ് അഡെസോ ഇന്ത്യയുമായുള്ളതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ജര്‍മ്മനിയില്‍ വര്‍ക് സ്പേസ് ലഭ്യമാകുന്നതോടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭങ്ങള്‍ വികസിപ്പിക്കാനും ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഐഎന്‍ പ്രമോദ് പറഞ്ഞു. ജര്‍മ്മനിയില്‍ മികച്ച വര്‍ക് സ്പേസ് ലഭിക്കുന്നതിലൂടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരസ്പര സഹകരണം ഉറപ്പാക്കാന്‍ കെഎസ് യുഎമ്മും അഡെസോയും മുന്‍പ് ധാരണാപത്രം ഒപ്പിട്ടിരുന്നു. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ വ്യവസായ ശൃംഖല വര്‍ധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിനും അഡെസോ സൗകര്യമൊരുക്കിയിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വര്‍ക് സ്പേസ് ലഭ്യമാക്കുന്നതെന്നതും ശ്രദ്ധേയം. വര്‍ക് സ്പേസ് നല്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായം, മീറ്റിംഗ് റൂമുകളുടെ ലഭ്യത, അതിവേഗ ഇന്‍റര്‍നെറ്റ് മുതലായ സേവനങ്ങളും അഡെസോ ലഭ്യമാക്കും. തുടക്കത്തില്‍ തുറസ്സായ സ്ഥലത്ത് 6 സീറ്റുകളും മുറിക്കുള്ളില്‍ 4 സീറ്റുകളുമാണ് ലഭ്യമാകുക. ധാരണാപത്രം അനുസരിച്ച് കുറഞ്ഞത് ആറുമാസത്തേക്ക് ഇത്തരം വര്‍ക്  സ്പേസുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗിക്കാനാകും. ആദ്യ മൂന്ന് മാസത്തേക്ക് വര്‍ക് സ്പേസിന്‍റെ വാടക നിരക്കുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാധകമല്ല. ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനിയാണ് അഡെസോ എസ്ഇ. ലോകമെമ്പാടും 60 ലധികം സ്ഥലങ്ങളിലായി 10,100 ലധികം ജീവനക്കാരും അഡെസോയുടെ ഭാഗമാണ്. വ്യവസായ വൈദഗ്ധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സേവനങ്ങളിലെ ഗുണനിലവാരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനങ്ങളിലൊന്നാണിത്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മികച്ച പങ്കാളി കൂടിയാണ് അഡെസോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments