Wednesday, February 11, 2026
No menu items!
Homeവാർത്തകൾകേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നിർമ്മാണം ആരംഭിച്ച് 2 വർഷത്തിനുള്ളിൽ 115 കോടിയുടെ നിക്ഷേപം പൂർത്തിയാക്കി വി ഗാർഡ് പ്രവർത്തനം ആരംഭിക്കുന്ന വേളയിലാണ് മന്ത്രി പി രാജീവിനെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ. പി. രാജീവ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഈ വാക്കുകൾ പങ്കുവെച്ചത്. പഴയ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് കേരളത്തിലെ വ്യവസായ മേഖലയിൽ ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരും ഇന്ന് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ പുതിയ മാറ്റങ്ങളുടെ ഗുണഫലങ്ങൾ കേരളത്തിനും, ഇവിടുത്തെ സംരംഭകർക്കും, തൊഴിലാളികൾക്കും ഒരുപോലെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇന്നത്തെ വ്യവസായ അന്തരീക്ഷത്തിന് എത്ര മാർക്ക് നൽകുമെന്ന് ചോദിച്ചപ്പോൾ, മാർക്ക് ഇടാൻ തനിക്ക് അറിയില്ലെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മറുപടി. രാജ്യത്തെ പ്രമുഖ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക ‘ഇന്നൊവേഷന്‍ കാമ്പസി’ന്റെ ഒന്നാം ഘട്ടം കാക്കനാട് കിന്‍ഫ്ര-ഇഎംസി പാര്‍ക്കിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് ഇന്നൊവേഷന്‍ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചു. ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകള്‍ക്കും മുന്‍ഗണന നല്‍കുന്ന വി-ഗാര്‍ഡിന്റെ പുതിയ ഇന്നൊവേഷന്‍ ക്യാംപസ് സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആധുനിക ലാബുകളും സുസ്ഥിര നിര്‍മ്മാണ രീതികളും കോര്‍ത്തിണക്കിയ ഈ ക്യാംപസ് ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 കോടി രൂപയിലേറെ മുതല്‍മുടക്കില്‍ മൂന്ന് ഏക്കറിലായി 1,10,338 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കാമ്പസിന്റെ ഒന്നാം ഘട്ടത്തില്‍ അത്യാധുനിക ഇലക്ട്രോണിക്‌സ് ആര്‍ ആന്‍ഡ് ഡി (R&D) ലാബുകള്‍, ഐഒടി (IoT) ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈന്‍ സ്റ്റുഡിയോ, ലേണിംഗ് സെന്റര്‍, കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് റൂമുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുക വഴി ഉപഭോക്താക്കളുടെ മനസുകളില്‍ വിശ്വാസയോഗ്യമായ ബ്രാന്‍ഡായി വി-ഗാര്‍ഡ് വളര്‍ന്നുകഴിഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയില്‍ നൂതനമായ രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഊന്നല്‍ നല്‍കി കൂടുതല്‍ മികവോടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ ഇന്നൊവേഷന്‍ ക്യാംപസ് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments