Saturday, August 2, 2025
No menu items!
Homeവാർത്തകൾകേരളത്തിലെ പുതിയ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിൽ; കോഴിക്കോട് ആദ്യം ഉദ്ഘാടനം, തൊട്ടുപിന്നാലെ കോട്ടയം

കേരളത്തിലെ പുതിയ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിൽ; കോഴിക്കോട് ആദ്യം ഉദ്ഘാടനം, തൊട്ടുപിന്നാലെ കോട്ടയം

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉയരുന്ന ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിൽ. കോഴിക്കോട്, കോട്ടയം ജില്ലകളിലെ ലുലു മാളുകളുടെ നിർമാണമാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ ലുലു മാളാകും ആദ്യം ഉദ്ഘാടനം ചെയ്യുകയെന്നാണ് വിവരം. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിക്കും. കോഴിക്കോട്ടെ ലുലു മാളിൻ്റെ ഉദ്ഘാടനത്തിന് ശേഷമാകും കോട്ടയം ജില്ലയിലെ ലുലു മാളിൻ്റെ ഉദ്ഘാടനം നടക്കുക.

സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിൻ്റെ ലുലു മാളുകൾ പ്രവർത്തിക്കുന്നത്. കൊച്ചിയിൽ ഇടപ്പള്ളിയിലും തിരുവനന്തപുരത്ത് ആക്കുളത്തും പാലക്കാട് കണ്ണാടിയിലുമാണ് മാളുകൾ സ്ഥിതിചെയ്യുന്നത്. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ലുലു മാൾ തിരുവനന്തപുരത്തേതാണ്. 1,85,800 ചതുരശ്ര മീറ്റർ വിസ്തീർണമാണ് തിരുവനന്തപുരത്തെ ലുലു മാളിനുള്ളത്. കൊച്ചിയിലേതിന് 68,000 ചതുരശ്ര മീറ്ററും പാലക്കാട്ടേതിന് രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണവുമാണ് ഉള്ളത്. കോഴിക്കോട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലാണ് പുതിയ മാളുകൾ ഉയരുന്നത്.

കോഴിക്കോട് ജില്ലയിൽ മാവൂ‍ർ റോഡിനടുത്ത് മാങ്കാവിലാണ് ലുലു മാൾ ഉയരുന്നത്. കോഴിക്കോട് സൈബ‍ർ പാർക്ക്, ഗവ. മെ‍ഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് അഞ്ചു കിലോമീറ്റ‍ർ മാത്രമാണ് മാളിലേക്കുള്ള ദൂരം. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീ‍ർണമാണ് മാളിനുള്ളത്. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീ‍ർണമുളള ലുലു ഹൈപ്പർമാർക്കറ്റാണ് കോഴിക്കോട് ലുലു മാളിൻ്റെ മുഖ്യ ആകർഷണം. രാജ്യന്തര ബ്രാൻഡുകളടക്കമുള്ള ലുലു ഫാഷൻ സ്റ്റോറും മാളിൻ്റെ പ്രത്യേകതയാണ്. ഒരേ സമയം 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് സജ്ജമാകുന്നത്. 1000 ത്തോളം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാവുന്ന സൗകര്യവും മാളിനുണ്ട്.

കോട്ടയം ജില്ലയിൽ എംസി റോഡിൽ നാട്ടകം മണിപ്പുഴ ജങ്ഷനിലാണ് ലുലു മാൾ സജ്ജമാകുന്നത്. 28,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുങ്ങുന്ന ലുലു മാളിൽ 25ലധികം ബ്രാൻഡുകൾ പ്രവർത്തിക്കും. 800 ചതുരശ്ര മീറ്ററുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററാണ് ജില്ലയിലെ ലുലു മാളിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. 10 മൾട്ടി ക്യുസിൻ ഔട്ട്ലെറ്ററടക്കം 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിന്റെ പ്രത്യേകതയാണ്. 1000ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുങ്ങുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments