കൊച്ചി: ഏപ്രിൽ ഒന്ന്, പുതിയ സാമ്പത്തിക വർഷത്തിൽ പൊതുജനങ്ങളുടെ ജീവിത ചെലവിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കേന്ദ്ര – സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവും വർധനവുമെല്ലാം ഇന്ന് പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് നികുതിനിരക്ക് വലിയ തോതിൽ വർധിപ്പിച്ചിട്ടില്ലെങ്കിലും ബാങ്ക് നിയമങ്ങൾ ഉൾപ്പെടെ പലതും ഇന്നുമുതൽ മാറുന്നുണ്ട്.
ഭൂനികുതി ഇരട്ടിയാകും,
23 ഇനം കോടതി ഫീസുകൾ വർധിക്കും,
സഹകരണ ബാങ്കുകളുടെ ഗഹാനിനും റിലീസിനും നിരക്കു കൂടും,
15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി 1350 രൂപയാകും.
750 കിലോവരെയുള്ള സ്വകാര്യ കാറിന് 9600 രൂപ, 750മുതൽ 1,500 കിലോവരെ 12,900 രൂപ. 1500 കിലോയ്‌ക്കുമേൽ 15,900 രൂപ.
ഇലക്‌ട്രിക് വാഹനങ്ങളിൽ ഇരുചക്ര, മുച്ചക്രവാഹനങ്ങൾക്കുള്ള നികുതി അഞ്ച് ശതമാനമായി തുടരും.
15 ലക്ഷംവരെ വിലയുള്ളവയ്‌ക്ക് അഞ്ച് ശതമാനം. 15മുതൽ 20 ലക്ഷംവരെ എട്ട് ശതമാനം. 20 ലക്ഷത്തിനുമേൽ 10 ശതമാനം.
കോൺട്രാക്‌ട് കാര്യേജ് ഓർഡിനറി, പുഷ്‌ബാക്ക്, സ്ലീപ്പർ സീറ്റുകൾക്കുള്ള നികുതി ഏകീകരിച്ചു.
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വർധിക്കും.
ദിവസവേതനക്കാരുടെയും കരാർ ജീവനക്കാരുടെയും വേതനം അഞ്ചുശതമാനം വർധിക്കും.
ജീവനക്കാരുടെ ഭവനനിർമാണ വായ്‌പയിൽ രണ്ടു ശതമാനം പലിശയിളവ്.
ക്ഷേമപെൻഷനിലെ മൂന്നുമാസത്തെ കുടിശ്ശിക ഈ സാമ്പത്തിക വർഷം നൽകും.
സർക്കാർ ഭൂമിയുടെ പാട്ടനിരക്ക് കുറയും.
ഗവേഷണ വിദ്യാർഥികൾക്കുള്ള ധനസഹായ വിതരണത്തിന് സിഎം റിസർച്ചേഴ്സ് സ്കോളർഷിപ്പ് പദ്ധതി തുടങ്ങും.
ഇന്ന് മുതൽ യുപിഐ സംവിധാനത്തിൽ സുപ്രധാനമായ മാറ്റം വരികയാണ്. യുപിഐ സുരക്ഷ വർധിപ്പിക്കാൻ നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകൾക്കും യുപിഐ പ്രൊവൈഡർമാർക്കും, ഉപയോഗശൂന്യമായ നമ്പറുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
എസ്‌ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ മിനിമം ബാലൻസ് പുതുക്കിയിട്ടുണ്ട്. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലിൽ ബാങ്കുകൾ പിഴ ഈടാക്കിയേക്കാം.