Sunday, August 3, 2025
No menu items!
Homeവാർത്തകൾകേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം 2915.49 കോടി രൂപയായി ഉയര്‍ത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 97.96 കോടി രൂപ അധികമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 532.84 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാരംഭ രോഗ നിര്‍ണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. ക്യാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജനകീയ ക്യാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു.

2025-26 ല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി 700 കോടി രൂപ അനുവദിച്ചു.
· കിടപ്പുരോഗികള്‍ അല്ലാത്ത വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ പ്രായമാകല്‍ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ അധിക ധനസമാഹരണത്തിനായി 50 കോടി രൂപ വകയിരുത്തി. തദ്ദേശ സ്വയംഭരണ വകുപ്പും എന്‍.എച്ച്.എം.ഉം വഴി ചെലവഴിക്കുന്ന വിഹിതത്തിന് പുറമേയുള്ള തുകയാണ്.
· പുതുതായി സ്ഥാപിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് ഗ്രിഡിനുള്ള ഒരു കോടി രൂപ ഉള്‍പ്പെടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന് 5.40 കോടി രൂപ വകയിരുത്തി.
· പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ വകയിരുത്തി
· സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ വന്ധ്യതാ ക്ലിനിക്കുകളും അതിന് വേണ്ടിയുള്ള ആധുനിക ലബോറട്ടറികളും ഘട്ടംഘട്ടമായി സ്ഥാപിക്കുന്നതിന് 8 കോടി രൂപ വകയിരുത്തി.
· 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചെലവ് വഹിക്കുന്നതിനായി 80 കോടി രൂപ വകയിരുത്തി.
· രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പകര്‍ച്ചവ്യാധികളല്ലാത്ത രോഗം ബാധിച്ച നിര്‍ദ്ധനനരായ രോഗികള്‍ക്ക് റഫറല്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന് 10 കോടി രൂപ കാത്ത് ലാബിനായി അനുവദിച്ചു.
· മേജര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഘട്ടംഘട്ടമായി കാത്ത് ലാബ് സ്ഥാപിക്കല്‍, നിലവിലുള്ള കാത്ത് ലാബുകളുടെ തീവ്രപരിചരണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി 3 കോടി രൂപ വകയിരുത്തി.
· ആരോഗ്യ വകുപ്പിന് കീഴില്‍ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 13.98 കോടി രൂപ വകയിരുത്തി. ഡയാലിസിസ് യൂണിറ്റുകള്‍ ഇല്ലാത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും, 25 താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ്. ഇതോടെ എല്ലാ ജില്ലാ/ജനറല്‍ ആശുപത്രികളിലും എല്ലാ താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറും.
· എറണാകുളം, തൃശൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ്. ഇതിനായി 21 കോടി രൂപ വകയിരുത്തി. ഇതോടെ എല്ലാ ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റ് സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറും.
· ന്യൂ ബോണ്‍ സ്‌ക്രീനിംഗ് പ്രോഗ്രാം തുടര്‍ നടത്തിപ്പിനായി 2.40 കോടി രൂപ വകയിരുത്തി.
· ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് കോഗ്നിറ്റീവ് ആന്റ് ന്യൂറോ സയന്‍സിന്റെ (ഐക്കോണ്‍സ്) തിരുവനന്തപുരം, ഷൊര്‍ണ്ണൂര്‍ സെന്ററുകള്‍ക്കായി 7.34 കോടി രൂപ വകയിരുത്തി.
· എന്‍എച്ച്എം പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.
· പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ മിഷന്‍ (പി.എം-ആഭീം) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി.
· ഇ-ഹെല്‍ത്ത് പ്രോഗ്രാമിന് വേണ്ടി 27.60 കോടി രൂപ വകയിരുത്തി.

മെഡിക്കല്‍ വിദ്യാഭ്യാസം

· മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ മെഡിക്കല്‍ കോളേജുകളിലേയും ആശുപത്രികളിലേയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 17.23 കോടി രൂപയും, മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമായി 10 കോടി രൂപയും വകയിരുത്തി.
· കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളിലെ ഓങ്കോളജി ആന്റ് ടേര്‍ഷ്യറി കെയര്‍ സെന്ററുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 20 കോടി രൂപ വകയിരുത്തി.
· കൊല്ലം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉള്‍പ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.
· തിരുവനന്തപുരം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 2 കോടി രൂപ വകയിരുത്തി.
· സാമ്പത്തിക നില കണക്കിലെടുക്കാതെ എല്ലാവര്‍ക്കം സ്റ്റെം സെല്‍ – മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സാ സൗകര്യം പ്രാപ്യമാകുന്നതിന് വേണ്ടി സര്‍ക്കാര്‍ മേഖലയില്‍ മജ്ജ മാറ്റിവയ്ക്കല്‍ സംവിധാനം ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി 1.75 കോടി രൂപ വകയിരുത്തി.

ക്യാന്‍സര്‍ ചികിത്സ

· സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാരംഭ രോഗ നിര്‍ണ്ണയത്തിനും പരിചരണത്തിനും 2025-26 ബജറ്റ് ഊന്നല്‍ നല്‍കുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റ്ററിന് 35 കോടി രൂപയും കൊച്ചി ക്യാന്‍സര്‍ സെന്ററിന് 18 കോടി രൂപയും ആര്‍.സി.സിയ്ക്ക് 75 കോടി രൂപയും മെഡിക്കല്‍ കോളേജ്/ജില്ല/താലൂക്ക് ആശുപത്രികള്‍ വഴിയുള്ള ക്യാന്‍സര്‍ ചികിത്സക്ക് 24.5 കോടി രൂപയും ഉള്‍പ്പെടെ ആകെ 152.50 കോടി രൂപ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി വകയിരുത്തി.
· സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളേയും മാതൃകാ കാന്‍സര്‍ പരിചരണ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്കായി 2.50 കോടി രൂപ വകയിരുത്തി. കരിമണല്‍ മേഖലയായ ചവറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
· തിരുവനന്തപുരം ആര്‍സിസിയിലെ 14 നിലയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി 28 കോടി രൂപ വകയിരുത്തി.
· നേരത്തേയുള്ള ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 23.30 കോടി രൂപയും ക്യാന്‍സര്‍ രോഗികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും ആര്‍.സി.സിയുടെ പദ്ധതി വിഹിതത്തില്‍ നിന്നും നീക്കിവയ്ക്കുന്നു.
· കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 11.5 കോടി രൂപ വകയിരുത്തി.

ആയുഷ് മേഖല

· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള 130 ആശുപത്രികള്‍ 818 ഡിസ്പെന്‍സറികള്‍, 24 സബ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50.93 കോടി രൂപ വകയിരുത്തി.
· ദേശീയ ആയുഷ് മിഷന്റെയും ഔഷധ സസ്യ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തി.
· ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 43.72 കോടി രൂപ വകയിരുത്തി.
· അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് 2 കോടി രൂപ വകയിരുത്തി.
· ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആകെ 23.54 കോടി രൂപ വകയിരുത്തി.
· ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ടി 8.18 കോടി രൂപ വകയിരുത്തി

വനിത ശിശുവികസന വകുപ്പ്

· അങ്കണവാടികളെ വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയും മാതൃകാ അങ്കണവാടികളുടെയും സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തിനായി 12 കോടി രൂപയും വകയിരുത്തി.
· അങ്കണവാടികളില്‍ മുട്ടയും പാലും നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തുന്നതാണ്. എല്ലാ പ്രവൃത്തിദിനങ്ങളിലും മുട്ടയോ പാലോ നല്‍കുന്നു എന്ന് ഉറപ്പാക്കും. പദ്ധതിയുടെ വിഹിതം 80 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.
· കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സൈക്കോ സോഷ്യല്‍ പദ്ധതിയ്ക്കായി 51 കോടി രൂപ വകയിരുത്തി.
· സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി വകയിരുത്തി.
· ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി രൂപ വകയിരുത്തി.
· പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന പദ്ധതിയുടെ നടത്തിപ്പിനുളള സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി.
· ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ ഉള്‍പ്പടെ കുട്ടികള്‍ക്കായുള്ള നൂതന സംസ്ഥാന പദ്ധതികള്‍ക്കായി 16 കോടി രൂപ വകയിരുത്തി.
· കുടുംബമോ മറ്റ് പിന്തുണയോ ഇല്ലാതെ ശിശു മന്ദിരത്തിലൂടെ സംരക്ഷണം ലഭിച്ച കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥാപനത്തില്‍ നിന്നും സ്വതന്ത്ര ജീവിതം നയിക്കാന്‍ ഉതകുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഫ്റ്റര്‍ കെയര്‍ ഹോം സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ഈ കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ച് നൈപുണ്യ വികസന പരിശീലിനം നല്‍കുവാനും വകുപ്പിന്റെ കീഴിലുള്ള അനുയോജ്യമായ സ്ഥാപനങ്ങളിലും/കമ്പനികളിലും തൊഴില്‍ നല്‍കുവാനും ഉദ്ദേശിക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപ വകയിരുത്തി.
· ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കുള്ള ഗവണ്‍മെന്റ് കെയര്‍ ഹോം സ്ഥാപിക്കുന്നതിന് 3 കോടി രൂപ വകയിരുത്തി. ഇതോടെ എല്ലാ ജില്ലകളിലും കുട്ടികളുടെ ഗവണ്‍മെന്റ് കെയര്‍ ഹോമുകള്‍ എന്ന ലക്ഷ്യം സാധ്യമാകും.
· മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം തൊഴിലിടങ്ങളില്‍ ക്രഷുകള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 2.50 കോടി രൂപ വകയിരുത്തി.
· കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 18.1 കോടി രൂപ വകയിരുത്തി.
· പോക്സോ കേസുകള്‍ വിചാരണ നടത്തുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള 55 കോടതികളുടെയും ഒരു പുതിയ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
· പോഷകാഹാര മേഖലയ്ക്ക് ആകെ 532.76 കോടി രൂപ വകയിരുത്തി.
· ആറു വയസിന് താഴെയുള്ള കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ തലത്തില്‍ നടപ്പാക്കുന്ന സംയോജിത ശിശുവികസന സേവനങ്ങള്‍ എന്ന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 138 കോടി രൂപ വകയിരുത്തി.
· നാഷണല്‍ ന്യൂട്രീഷന്‍ മിഷന് സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments