Sunday, December 21, 2025
No menu items!
Homeവാർത്തകൾകെ-റെയില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സര്‍ക്കാര്‍

കെ-റെയില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് ( K Rail ) അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വെ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. പദ്ധതിമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്നങ്ങള്‍ തടസ്സമായി നിന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നില്‍ വെച്ചാകും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനോട് അനുമതി ആവശ്യപ്പെടുക. ഭൂമി ഏറ്റെടുക്കല്‍ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം. കേന്ദ്രം അനുമതി നല്‍കിയാല്‍ ശ്രീധരനും ഡിഎംആര്‍സിയുമായി ചേര്‍ന്ന് ഡിപിആറില്‍ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം. ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോള്‍ പദ്ധതിയോടുള്ള എതിര്‍പ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടല്‍. ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. ദേശീയപാത തകര്‍ന്ന വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( ബുധനാഴ്ച) കൂടിക്കാഴ്ച നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments