വിളവൂര്‍ക്കല്‍ : വിളവൂര്‍ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം നിലച്ചു. 32000-രൂപ വൈദ്യുതബില്‍ കുടിശിഖ വന്നതോടെയാണ് വില്ലേജ് ഓഫീസിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി കട്ട് ചെയ്തത്. വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചാണ് പുതിയത് നിര്‍മിച്ചത്.
കെട്ടിടത്തിന്റെ നിര്‍മാണ സമയത്ത് നിര്‍മാണകമ്പനി ഉപയോഗിച്ച വൈദ്യുതബില്‍തുകയായ 27000-രൂപയും ഇക്കഴിഞ്ഞ നാലുമാസത്തെ 4220-രൂപയുടെ ബില്ലും ചേര്‍ത്താണ് 32000-രൂപ അടയ്‌ക്കേണ്ടത്. കുടിശ്ശിഖ തുക അടയ്ക്കണമെന്ന് കാണിച്ച് വില്ലേജ് ഓഫീസര്‍ക്കും കാട്ടാക്കട തഹസില്‍ദാര്‍ക്കും കെ.എസ്.ഇ.ബി മലയിന്‍കീഴ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ രേഖാമൂലം അറിയിപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കെട്ടിടനിര്‍മാണ സമയത്ത് എടുത്ത താല്‍ക്കാലിക മാറ്റാത്തതാണ് ബില്‍ത്തുക അടയ്ക്കാന്‍ തടസ്സം നേരിടുന്നതന്നും വില്ലേജ് ഓഫീസിലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ അറിയിച്ചു.



