എറണാകുളം: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കാതോട് കാതോരം പദ്ധതിക്ക് കൊച്ചിയിൽ തുടക്കം. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കെയർ ആൻഡ് ഷെയർ സംഘടനയുടെ 16 ആം വാർഷികത്തിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ വയലിൻ തന്ത്രികളിൽ മീട്ടിയ ഈണത്തോടൊപ്പമാണ് മമ്മൂട്ടി കാതോട് കാതോരം എന്ന പദ്ധതി പ്രഖ്യാപനം നടത്തിയത്.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടിയെന്നും അദ്ദേഹം നന്മയുടെ പര്യായമാണെന്നും കാത്തോലിക്ക ബാവ പറഞ്ഞു. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കേൾവി എന്ന അനുഗ്രഹം ലഭിക്കാതെ പോയവർ നിരവധിയാണ്.
രുചിയും കാഴ്ചയും കേൾവിയുമൊക്കെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില മനസ്സിലാക്കുകയെന്ന് മമ്മൂട്ടി പറഞ്ഞു. പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും പൂർണ്ണമായും സൗജന്യമായി നൽകും.ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ,സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു



