Wednesday, November 26, 2025
No menu items!
Homeവാർത്തകൾകെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും കോടതിക്ക് പുറത്തുള്ള മധ്യസ്ഥതക്കുമായിരിക്കും തന്റെ മുൻഗണനയെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എ....

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും കോടതിക്ക് പുറത്തുള്ള മധ്യസ്ഥതക്കുമായിരിക്കും തന്റെ മുൻഗണനയെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്

ന്യൂഡൽഹി: ജാമ്യ ഹരജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും കോടതിക്ക് പുറത്തുള്ള മധ്യസ്ഥതക്കുമായിരിക്കും തന്റെ മുൻഗണനയെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് നിലപാട് വ്യക്തമാക്കി. ഇന്ത്യൻ കോടതികളുടെ വിധി പ്രസ്താവങ്ങൾ ‘ഭാരതീയം’ ആകണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേൽക്കുന്നതിന് മുന്നോടിയായി തന്റെ ഔദ്യോഗിക വസതിയായ 7, കൃഷ്ണമേനോൻ മാർഗിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 2027 ഫെബ്രുവരി ഒമ്പതുവരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും.75 വർഷത്തെ ഉജ്ജ്വല ചരിത്രമുള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് വിദേശരാജ്യങ്ങളുടെ വിധി പ്രസ്താവങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. സുപ്രീംകോടതി വിധികൾതന്നെ വേണ്ടുവോളമുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് വ്യതിരിക്തമാണ് ഇന്ത്യയുടെ സാമൂഹിക സാഹചര്യം എന്നതിനാൽ വിദേശകോടതി വിധികൾക്ക് പകരം സുപ്രീംകോടതിയുടെതന്നെ വിധികളെ ആശ്രയിക്കുകയായിരിക്കും ഉചിതം. രാഷ്ട്രപതിയുടെ റഫറൻസിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും താനും വിധി ഭാരതീയമാകണമെന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പരമാവധി കേസുകൾ ഹൈകോടതി കേൾക്കണമെന്നും അത് കഴിഞ്ഞ് സുപ്രീംകോടതിയിലേക്ക് വന്നാൽ മതിയെന്നുമാണ് തന്റെയും നിലപാട്. അതേസമയം ദേശീയ പ്രാധാന്യമുള്ള കേസുകൾ അടിയന്തരമായി കേൾക്കേണ്ടിവരും. അതിൽ അഭിഭാഷകന്റെ വലുപ്പ ചെറുപ്പം നോക്കേണ്ടതില്ല. ജഡ്ജിമാർ സമൂഹമാധ്യമങ്ങളിലെ ട്രോളുകളെയും വിമർശനങ്ങളെയും താൻ ഭയക്കുന്നില്ലെന്നും അവ തന്റെ തീർപ്പുകളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ശുഭകരമായ ഒരു വാർത്തക്ക് ഡിസംബർ ഒന്നുവരെ കാത്തിരിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് തുടർന്നു. കേസുകൾ കുന്നുകൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട മാർഗമാണ് കോടതിക്ക് പുറത്തുള്ള മധ്യസ്ഥം. മധ്യസ്ഥത്തിനുള്ള കൂടുതൽ വേദികളുണ്ടാകേണ്ടതുണ്ട്. സർക്കാർ ഏറ്റവും വലിയ കക്ഷിയായതിനാൽ ഇക്കാര്യത്തിൽ സർക്കാറുമായും ആശയവിനിമയം നടത്തുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോടതി വ്യവഹാരങ്ങളിൽ നിർമിതബുദ്ധി ഉപയോഗിക്കുന്നതിന് ഗുണകരമാണെങ്കിലും വെല്ലുവിളി നിറഞ്ഞത് കൂടിയാണ്. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സത്യപ്രതിജ്ഞയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള ചീഫ് ജസ്റ്റിസുമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments