കല്‍പ്പറ്റ: കനത്ത ദുഃഖത്തിനിടയിലും പ്രിയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. നടവയലിലെ പൊതുദർശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെജെ ബേബിയുടെ മൃതദേഹം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ തൃശ്ശിലേരിയുള്ള ശാന്തി കവാടത്തിലെത്തിച്ചത്. മൃതദേഹം സംസ്കരിക്കാൻ എടുക്കുന്നതിനു തൊട്ടുമുമ്ബാണ് രമണ മഹർഷിയുടെ കീർത്തനങ്ങള്‍ ഉള്‍പ്പെടെ പാടി ബേബിയുടെ മൂത്തമകളും ബാവുള്‍ ഗായികയുമായ ശാന്തിപ്രിയ പിതാവിനു യാത്രാമൊഴിയേകിയത്. ചിതാഭസ്മം കബനിയില്‍ ഒഴുക്കണമെന്ന ബേബിയുടെ ആഗ്രഹം കണക്കിലെടുത്ത് കബനിയില്‍ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.
കനവ് എന്ന പേരില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയ വ്യക്തിയാണ് ബേബി. 70 വയസ്സ് ആയിരുന്നു. വയനാട് നടവയല്‍ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയില്‍ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
അവസാനകാലത്ത് വിഷാദവും രോഗങ്ങളും ബേബിയെ അലട്ടിയിരുന്നു. കനവ് എന്ന സ്ഥാപനം തന്റെ ശിഷ്യർക്ക് കൈമാറി നീണ്ട യാത്രകളിലായിരുന്നു ബേബി. കുടിയേറ്റ കർഷക കുടുംബത്തില്‍ പിന്ന ബേബി മണ്ണിന്റെ മനുഷ്യരുടെ ദൈന്യത കണ്ടു, കേട്ടു, മനസ്സലിവുള്ള മനുഷ്യനായി ജീവിച്ചു. വ്യവസ്ഥയെ ചോദ്യം ചെയ്തും നിരാലംബരായ മനുഷ്യർക്ക് വേണ്ടി അലിവോടെ നിലകൊണ്ടു ജീവിച്ച മനുഷ്യപ്പറ്റുള്ള ഒരു ദാർശനികനായിരുന്നു കെജെ ബേബി.