എരമല്ലൂർ: കൂൺകൃഷിയും മൂലൃവർധനയുമായി കൂണിൽ നിന്ന് അമ്പത് ലക്ഷത്തിലേറെ വരുമാനം നേടുകയാണ് ചേർത്തല എരമല്ലൂർ തട്ടാരുപറമ്പിൽ ഷൈജി തങ്കച്ചൻ. ഒരു നേരംപോക്കിനായി കൂൺപരിപാലനം ആരംഭിച്ചത് 2007 ൽ ആയിരുന്നു. ഷൈജിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് കൂണുകൃഷിയാണ്. ഭർത്താവ് ജോലിയ്ക്കും മക്കൾ പഠിച്ച് ഉയർന്ന ക്ലാസുകളിൽ എത്തിയതോടെ ഷൈജിക്ക് വീട്ടുജോലികൾ കഴിഞ്ഞ് ധാരാളം സമയം ബാക്കിയായി. വെറുതെ ഇരുന്ന് മടുത്ത് തുടങ്ങിയപ്പോൾ ഒരു കൂണ് പരിശീലനത്തിന് പോയി. അവിടെ നിന്ന് കിട്ടിയ വിത്തുകൾ ഉവയോഗിച്ചാണ് ആദൃത്തെ കൃഷി.
കൃഷിയിൽ നിന്ന് നല്ലവിളവ് കിട്ടിയതോടെ കൂടുതൽ ബെഡ് ഉണ്ടാക്കി കൂൺ വിത്തിട്ടു. വീട്ടിലെ പാചകത്തിലെ പ്രധാന ഇനം കൂണായി മാറി. വലിയ ബുദ്ധിമുട്ട് ഇല്ലാതെ മികച്ച രീതിയിൽ കൃഷി ചെയ്യാൻ കഴിയും എന്ന് ഉറപ്പായതോടെ വീടിന്റെ ബാൽക്കണിയിൽ പ്രത്യേക മുറിയൊരുക്കി കൂടുതൽ കൃഷി. ആവശ്യം കഴിഞ്ഞുള്ള കൂൺ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി. കൂൺ വിൽപനയുടെ സാധ്യതയെക്കുറിച്ച് കൂടുതൽ ചിന്തിച്ചു. അങ്ങനെ കൂൺ കൃഷിയെക്കുറിച്ച് കൂടുതൽ ക്യത്യതയോടെ പഠിക്കാൻ തുടങ്ങി. ഭർത്താവ് തങ്കച്ചന്റെ പ്രോൽസാഹനവും പിൻതുണയും മക്കളുടെ സപ്പോർട്ടും നേടി 300 കൂൺ ബെഡ്ഡ് ഇട്ടു. എന്നാൽ അത് പൂർണമായും നശിച്ചു. വലിയ നഷ്ടം ഉണ്ടായി. ഇനി എല്ലാം നിർത്താം എന്ന് തീരുമാനിച്ച നിമിഷം ആശ്വാസിപ്പിച്ചത് ഭർത്താവ് ആയിരുന്നു. നമ്മുടെ അറിവുകളുടെ കുറവും അനുകൂലമല്ലാത്ത സാഹചരൃവും ആകാം വലിയ രീതിയിൽ ഉള്ള കൃഷി തകർച്ചയ്ക്ക് കാരണം. അത് കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞാൽ പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഇത് അമ്മയുടെ വിജയത്തിന്റെ മുന്നോടിയാകുമെന്ന് മക്കളും ഉപദേശിച്ചു. പിന്നെ ഷൈജി മറത്തൊന്നും ചിന്തിച്ചില്ല. കേടുവന്ന് നശിച്ച ബെഡ്ഡുകൾ പൂർണമായും നശിപ്പിച്ച് ഷെഡ്ഡിൽ അണുനശീകരണം നടത്തി. പിന്നീട് മികച്ച കൂൺഫാമുകൾ കണ്ടെത്തി, അവിടെ പോയി അവരുടെ കൃഷി കണ്ട് പഠിച്ചു. സംശയങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. മുന്നോട്ടുള്ള യാത്രയിൽ കൂൺകൃഷി ഫലപ്രദമായി നടത്താൻ യാത്ര സഹായമായി. തുടർന്ന് അതേ ഷെഡ്ഡിൽ വീണ്ടും കൂൺ കൃഷി തുടങ്ങി. പ്രതീക്ഷിച്ചതിലും മികച്ച വിളവ് ലഭിച്ചതോടെ ഷൈജിയ്ക്ക് താല്പര്യവും ഉൽസാഹവും കൂടുതലായി.
മികച്ച വിളവിലൂടെ ഉല്പാദിപ്പച്ച കൂൺ , ആവശ്യം കഴിഞ്ഞ് പൂർണമായും വില്പന നടത്താൻ കഴിയതെ വന്നമ്പോൾ ഉണക്കി പൊടിച്ചു. അത് പലഹാരങ്ങൾ ഉണ്ടാകുന്ന പൊടികളിൽ ചേർത്ത് ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കി. ആരും ഇഷ്ടപ്പെടുന്ന രുചികരമായ വിഭവങ്ങൾ. എന്നാലും വൃവസായിക കൃഷി വളരാൻ വിപണിയിൽ നല്ലൊരു സ്ഥാനം കിട്ടണം. തുടക്കത്തിൽ ഉണ്ടായ മാർക്കറ്റിങ് പ്രശ്നങ്ങൾ നിരവധി കടകളെ സമീപിച്ച് പരിഹരിക്കാൻ കഴിഞ്ഞു. കൊച്ചിയിലെ പ്രധാന മാളിലെ പ്രിയ ഉല്പന്നമായി ഷൈജിയുടെ കൂൺഫ്രഷ് മാറി. ഒപ്പം വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൂണും ഉത്പന്നങ്ങളും വിൽക്കാനും കൃഷി രീതികൾ പറഞ്ഞ് കൊടുക്കാനും സാധിക്കുന്നുണ്ടെന്ന് ഷൈജി പറയുന്നു. കൂടാതെ കൂൺകൃഷി പഠിക്കാനും ഫ്രഷ് കൂൺ വാങ്ങാനും വരുന്നവരുണ്ട്.
300 ചതുരശ്ര അടി വിസ്താരം വരുന്ന മൂന്ന് കൂൺപുരകളിലായി ആറായിരത്തിലതികം കൂൺബെഡ്ഡുകൾ പരിപാലിക്കുന്നു. പ്രതിദിനം 30 – 45 കിലോ ഫ്രഷ് കൂൺ കിട്ടുന്ന രീതിയിലാണ് കൃഷി. കൂൺഫ്രഷ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്ഥാപനത്തെ ഒരു കമ്പനിയായി ഷൈജി വളർത്തിക്കഴിഞ്ഞു.
മികച്ച കൂണുകൾ കൂടുതൽ ഉല്പാദിപ്പിച്ച് എടുക്കാൻ റബ്ബർ മരങ്ങളുടെ അറക്കപ്പൊടിയാണ് കൂടുതൽ ഉത്തമം. വൈക്കോൽ ഉപയോഗിച്ചിരുന്ന ഷൈജി റബ്ബറിന്റെ അറക്കപ്പൊടിയാണ് ഉപയോഗിച്ച് വരുന്നത്. ഇത് പ്രത്യേക രീതിയിൽ പ്രോസസ് ചെയ്താണ് കൂൺ ബെഡ്ഡുകൾ ഉണ്ടാക്കുന്നത്. കൂണുകൾ ഉണ്ടാകാൻ 20 ദിവസം വേണം. തുടർച്ചയായി നല്ല രീതിയിൽ നാല് മാസം വിളവെടുപ്പ് നടത്താൻ കഴിയും. കൂൺ വിത്തുകൾ ഉണ്ടാക്കാനായി രണ്ട്.ഫാമുകളാണ് ഇപ്പോൾ ഇവർക്കുള്ളത്. കൂണിന് അനുകൂലമായ കാലാവസ്ഥാ കാർഷിക യന്ത്ര സംവിധാനത്തിലൂടെ ഒരിക്കിയിരിക്കുന്നു. ഹെടെക്ക് രീതിയിലുള്ള ഷെഡ് സംവിധാനം ഒരുക്കിയതിനാൽ കൃത്യമായ വിളവ് ഉറപ്പ് വരുത്താൻ സാധിക്കുന്നുണ്ട് എന്നാണ് ഷൈജി പറയുന്നത്.
മനുഷ്യ ശരീരത്തിന് ആവശൃമായ പോഷകങ്ങൾ കൂടുതൽ ഉള്ള ഒന്നാണ് കൂൺ. മറ്റുള്ള കൃഷികളെ അപേക്ഷിച്ച് കഠിനമായ അധ്വാനവും തുടർച്ചയായ പരിചരണവും ഇതിന് വേണ്ട. ബെഡ്ഡ് നിർമ്മാണം ആണ് പ്രധാന ജോലി. ശ്രദ്ധ കൂടുതൽ വേണം. രോഗകീടബാധകളെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കണം. നല്ല രീതിയിൽ പരിചരിച്ചാൽ ഒന്നും ആക്രമിക്കില്ല. എല്ലാ ദിവസവും രണ്ട് നേരം ഫാമിൽ എത്തി നല്ല പോലെ പരിശോധന നടത്തി ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക.. വളവും നനക്കലും ഇതിന് ആവശ്യമില്ല. കൃഷി വിജയം നേടിയതോടെ, കൂടുതൽ വിവരങ്ങൾ നേടാനും പുത്തൻ ആശയങ്ങൾ കണ്ടെത്താനുമായി ബാംഗ്ളൂർ ഇന്ത്യൻ ഹോർട്ടിക്കൾച്ചർ ഗവേഷണ കേന്ദ്രത്തിൽ പോയി മികച്ച പരിശീലനം നേടി. തുടർന്നാണ് കൂണിന്റെ രുചിയും ഗുണങ്ങളും നഷ്ടപ്പെടാതെ യന്ത്രങ്ങൾ ഉവയോഗപ്പെടുത്തി ഉണക്കി പൊടിക്കാൻ തുടങ്ങിയത്. കൂൺവിറ്റ എന്ന പേരിൽ ഹെൽത്ത് പൗഡർ വില്പന. കൂടാതെ ആവശ്യക്കാർക്ക് കൂൺ പലഹാരങ്ങൾ, പായസം തുടങ്ങിയവ ഉണ്ടാക്കി നൽകുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കന്ന, പോഷക സമൃദ്ധമായ കൂൺ എന്നും ഒരു നേരം കഴിക്കുന്നത് ആരോഗ്യം നിലനിർത്തുക സഹായിക്കും എന്നാണ് ഷൈജി പറയുന്നത്. സ്വന്തം ആവശ്യത്തിന് അല്പം കൂൺകൃഷിയും ആകാം.