കടുത്തുരുത്തി: കേരള സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ തുറന്നു കൊടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.
കുറവിലങ്ങാട്ടിൽ 2014ലാണ് സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സയൻസ് സെന്റർ, ത്രിമാന പ്ലാനറ്റേറിയവും ബഹിരാകാശ ശാസ്ത്ര ഗാലറിയും ഉൾക്കൊളളുന്ന സ്പേസ് തിയേറ്റർ, മോഷൻ സിമുലേറ്റർ, ആംഫി തിയേറ്റർ തുടങ്ങിയവയാണ് ആദ്യഘട്ടമായി സയൻസ് സിറ്റിയിൽ വിഭാവനം ചെയ്തിരുന്നത്. കേരള സയൻസ് സിറ്റിയുടെ പൂർത്തീകരണത്തിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആയി പല പ്രാവശ്യം യോഗങ്ങൾ കൂടുകയും ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.അതേത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ സയൻസ് സിറ്റി നിർമാണത്തിന് 7.805 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകുകയുണ്ടായി. 2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച കേരള സയൻസ് സിറ്റി പത്തുവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് സർക്കാർ ഗൗരവമായി കണക്കിലെടുക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നിർമ്മാണ കാര്യങ്ങളിൽ നിരവധി പ്രതിസന്ധികൾ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരിട്ട് പരിശോധിക്കാനും കാലതാമസം ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീണ്ടുമൊരിക്കൽക്കൂടി കേരള സയൻസ് സിറ്റി സന്ദർശിക്കണമെന്ന് മോൻസ് അഭ്യർത്ഥിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



