നിങ്ങൾ അങ്ങാടിപ്പുറം വഴിയാണോ പോകുന്നത് എന്നാൽ പുലർച്ചെ പുറപ്പെട്ടോളൂ അങ്ങാടിപ്പുറം എന്ന് കേൾക്കുമ്പോൾ ഓരോ യാത്രക്കാരനും പറഞ്ഞു പോകുന്നതാണ് ഇത്. മലപ്പുറം ജില്ലയിലെ പഴയ വള്ളുവനാടിന്റെആസ്ഥാനമായിരുന്നു അങ്ങാടിപ്പുറം. പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളാൽ സമ്പന്നമായതുകൊണ്ട് തന്നെ ക്ഷേത്രനഗരി എന്ന അപരനാമത്തിലും അറിയപ്പെടുന്ന പ്രദേശം കൂടിയാണിത്. ഇന്ന് അങ്ങാടിപ്പുറം എന്ന പേര് കേൾക്കുമ്പോൾ ഓരോ യാത്രക്കാരനും നെറ്റി ചുളിച്ചു പോവുകയാണ്. അങ്ങാടിപ്പുറം ഇപ്പോൾ ബ്ലോക്കങ്ങാടിയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് നേരിടുന്ന സ്ഥലം എന്ന ഖ്യാതിയും നേടിയിരിക്കുന്നു.
എം ഇ എസ് , മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാത. പാലക്കാട് ,കോഴിക്കോട് നാഷണൽ ഹൈവേ, ഏറ്റവും കൂടുതൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഉള്ള മലപ്പുറം ജില്ലയിലെ പ്രധാന ടൗൺ ആയ പെരിന്തൽമണ്ണയിലേക്കുള്ള പ്രധാന റോഡ്. നിരവധി ആംബുലൻസുകളാണ് ഓരോ മിനിറ്റുകളിലായി അത്യാസന്ന നിലയിലുള്ള രോഗികളുമായി ഇതുവഴി കടന്നു പോകാൻ കഴിയാതെ വിഷമിക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള റോഡ് ബന്ധിച്ചു പോവുന്ന അങ്ങാടിപ്പുറം ടൗണിൽ പന്ത്രണ്ടു മണിക്കൂർ വരെയാണ് ബ്ലോക്ക് അനുഭപ്പെടുന്നത് . ലക്ഷകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഈ റോഡിലൂടെ പതിനായിരക്കണക്കിന് വാഹനങ്ങൾ ആണ് ദിവസവും കടന്നു പോവുന്നത്.
റെയിൽവേ ഗേറ്റ് അടക്കുന്ന സമയങ്ങളിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനായി റെയിൽവേയും ഗവൺമെന്റും കൂടി 2010 ൽ നിർമ്മിച്ച മേൽപ്പാലത്തിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ മണിക്കൂറുകളോളം നിശ്ചലമാകുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. സ്കൂൾ വിദ്യാർഥികൾക്കും പി എസ് സി പോലുള്ള മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കും മറ്റ് ജോലിക്കാർക്കും സമയത്തിന് എത്തിപ്പെടാനും കഴിയാതെ വരുന്നു. 30 മീറ്റർ വീതിയിൽ നാലുവരിയായി വരുന്ന ദേശീയ പാതയിൽ ഏഴര മീറ്റർ വീതിയിലാണ് മേൽപാലം നിലകൊള്ളുന്നത്. ഇതാണ് ഗതാഗതക്കുരുക്കിന് മുഖ്യ കാരണമായി കാണുന്നതും.
പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് രണ്ട് വരികളിലായി വരുന്ന വാഹനങ്ങൾ പാലം കയറാനായി ഒരു വരിയിലേക്ക് ഒതുങ്ങേണ്ടി വരുന്നു. ബ്ലോക്കിൽ അകപ്പെട്ട് പാലം കടന്ന് കിട്ടിയാലും, അമ്പലത്തിലേക്കും അമ്പലത്തിൽ നിന്ന് പുറത്തേക്കുമുള്ള വണ്ടികളും, എതിർ വശത്തുള്ള പരിയാപുരം റോഡിൽ നിന്നുള്ള വണ്ടികളും ടൗണിലേക്ക് കടക്കുവനായി ശ്രമിക്കുമ്പോൾ വീണ്ടും തിരക്കാവുന്നു. ടൗണിൽ പലയിടങ്ങളിലായി കാണുന്ന അശാസ്ത്രീയമായ പാർക്കിംഗും കോട്ടക്കൽ റോഡിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് തിരിയുന്ന വാഹനങ്ങൾ, അങ്ങനെ ആകെ മൊത്തം തിക്കി തെരക്കി വേണം അങ്ങാടിപ്പുറം കടന്നു കിട്ടാൻ. ഏതെങ്കിലും ഒരു ദിവസം തിരക്ക് വരുന്നത് സ്വഭാവികമാണ്. എന്നാൽ എല്ലാ ദിവസവും അങ്ങാടിപ്പുറം കഴിഞ്ഞ് കിട്ടുക എന്നത് ബാലി കേറാ മലയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ലഭിച്ച റോഡ് പരാതികളിൽ മുഖ്യധാരയിൽ വന്നതും അങ്ങാടിപ്പുറം മേൽപ്പാലത്തെ കുറിച്ചായിരുന്നു
വൈലോങ്ങര – ഓരാടംപാലം ബൈപ്പാസ് , ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ് എന്നിവ വന്നാൽ ബ്ലോക്ക് ഒരു പരിധി വരെ കുറക്കാമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കോടികൾ ചിലവായി പോവുക എന്നല്ലാതെ കാര്യമായ മാറ്റം ഈ ഗതാഗത കുരുക്കിനുണ്ടാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ നിലവിലെ പാലത്തിന് വീതി കൂട്ടി നാലു വരിയാക്കണം.
നഗര ഗതാഗതത്തിൻ്റെ സുസ്ഥിര വികസനത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്ക് തടയുന്നതിന് തിരക്ക് വിശകലനം ചെയ്യുകയും ഭാവിയിലെ ട്രാഫിക് മോഡലുകൾ പ്രവചിക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്. അങ്ങാടിപ്പുറത്ത് വർഷങ്ങളായുള്ള ഈ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതരും ജനപ്രതിനിധികളും എന്ത് കൊണ്ട് മുന്നിട്ടിറങ്ങുന്നില്ല എന്നതാണ് യാത്രകാരുടെ പരാതി.
സമയം വളരെ വിലപ്പെട്ടതാണ്. ഒന്നും രണ്ടും കിലോമീറ്റർ സഞ്ചരിക്കാനായി മണിക്കൂറുകൾ ചിലവഴിക്കേണ്ടി വരുന്നതിന് ആരെയാണ് പഴിക്കേണ്ടത്.