കോട്ടയത്തിന്റെ ഏറ്റവും സമീപത്തുള്ള പുഴയോര മേഖലയായ കുമ്മനം കേന്ദ്രമായി കുമ്മനം പുഴയോരം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കുമ്മനം നാട്ടൊരുമ്മയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 27,28,29 തീയതികളിലാണ് കുമ്മനം പുഴയോരം ഫെസ്റ്റ് സീസൺ – 2 നടക്കുന്നത്.
കുമ്മനം എന്ന പ്രദേശത്തിൻ്റെ ഒന്നരകിലോമീറ്റർ പുഴയോര മേഖല’ ദീപാലാംകൃതമാക്കിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ ഫുഡ് കോർട്ടുകൾ, നാട്ടു ചന്ത, കുട്ടികളുടെ പാർക്ക്, വിവിധ പാചക മത്സരം, കേക്ക് നിർമ്മാണ പായസ പാചക, മൈലാഞ്ചി ഇടൽ മൽസരം, എട്ടുകളി മത്സരം, കോമഡി മെഗാഷോ, ഗാനമേള, ആകാശവിസ്‌മയം തുടങ്ങിയവ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തും. കൂടാതെ കയാക്കിങ്, ബോട്ടിങ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നദീ തീരകഴ്‌ചകൾ ബോട്ടിൽ ഇരുന്നു ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കുന്നത് സഞ്ചാരികളെ ആകർഷിക്കുമെന്നും ഇവർ പറഞ്ഞു. നാട്ടുചന്ത പഴയകാല നാട്ടുകച്ചവട അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് നടത്തുക. ചന്തയിൽ വിലക്കുറവിൽ സാധനങ്ങൾ നേരിട്ട് വാങ്ങാൻ കഴിയും.
27 -ാം തീയതി വെള്ളിയാഴ്‌ച 3 മണിക്ക് വിളംബര ഘോഷയാത്രയോടെ ഫെസ്റ്റിനു തുടക്കമാകും. സഹകരണ തുറമുഖ, രജിസ്ട്രേഷൻ വകുപ്പ്. മന്ത്രി വി.എൻ വാസവൻ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഫ്രാൻസിസ് ജോർജ് MP മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ കളക്റ്റർ ജോൺ വി. സാമൂവൽ മുഖ്യാഥിതിയായും പങ്കെടുക്കും. 28-ാം തീയതി ശനിയാഴ്‌ച ഉച്ചക്ക് 2.30 മുതൽ നാട്ടുചന്ത നടക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ട് 7.30 മുതൽ നാടൻ പാട്ടും നാട്ടരങ്ങും എന്ന പേരിൽ നാട്ടിലെ കലാകാരൻ മാരുടെ പരിപാടികൾ അരങ്ങേറും. ഡിസംബർ 29 -ാം തീയതി എട്ടുകളി, പായസം പാചകം, കേക്ക് നിർമ്മാണം, മൈലാഞ്ചിയിടീൽ മത്സരങ്ങൾ എന്നിവയും നടക്കും. വൈകിട്ട് 7 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ കുമ്മനം നാട്ടൊരുമ കുമ്മനം പുഴയോരം ഫെസ്റ്റ് 2024 ചെയർമാൻ നാസർ ചാത്തൻ കോട്ടുമാലി, വർക്കിംഗ് ചെയർമാൻ ഫൈസൽ പുളിന്താഴ, ജനറൽ കൺവീനർ ജാബിർ ഖാൻ വി.എസ്, ഫിനാൻസ് ചെയർമാൻ വിജയൻ ശ്രുതിലയം, പബ്ലിസിറ്റി കൺവീനർ അൻസർ ഷാ കെ.പി, സക്കീർ ചങ്ങമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.



