ചെങ്ങമനാട്: കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനും തെക്കേ മതികായല്‍ പാടശേഖരസമിതി പ്രസിഡന്റുമായിരുന്ന ജോര്‍ജ് ജോസഫ് തറയിലിന്റെ വേര്‍പാട് കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്ക് തീരാദുഃഖമായി.
കുട്ടനാട്ടിലെ അതിപുരാതനമായ കണ്ണാടി തറയില്‍ പരേതരായ അപ്പച്ചന്‍ തെയ്യാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയപുത്രനാണ് ബേബിച്ചന്‍ തറയില്‍ എന്നറിയപ്പെടുന്ന ജോര്‍ജ് ജോസഫ്. കാര്‍ഷിക മേഖലയിയില്‍ മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് 70 വര്‍ഷത്തിലേറെ നെല്‍കൃഷിയെ നെഞ്ചിലേറ്റി നടന്ന ബേബിച്ചന്‍ നെല്‍കൃഷിയില്‍ പുതുതലമുറയ്ക്കും മാതൃകയായിരുന്നു. സഹോദരങ്ങളെല്ലാം പഠിച്ച് ഉന്നത പദവിയിലെത്തിയപ്പോഴും പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളം തേവര എസ്എച്ച് കോളജിലെ ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു. കാര്‍ഷിക മേഖലയിലെ പലവിധ പ്രതിസന്ധികള്‍ മൂലം 1970 കാലഘട്ടങ്ങളില്‍ പ്രമാണിമാരെല്ലാം കൃഷി ഉപേക്ഷിച്ച് പോയപ്പോഴും ഒരു തവണ പോലും തരിശിടാതെ തനിക്ക് സ്വന്തമായുള്ള 200 ഏക്കറിലും നെല്‍കൃഷി ചെയ്തു പൊന്നുവിളയിച്ച ബേബിച്ചന്‍ എന്ന കര്‍ഷക സ്‌നേഹി കുട്ടനാടിനെന്നല്ല കേരളത്തിനു തന്നെ മാതൃകയായിരുന്നു.
നെല്ലിന്റെ വില തകര്‍ച്ചയോ, കീടങ്ങളുടെ ആക്രമണമോ, മഴയോ, വെള്ളപ്പൊക്കമോ ഒന്നും ഇദ്ദേഹത്തെ തളര്‍ത്തുമായിരുന്നില്ല. സമീപ പാടശേഖരങ്ങളിലെല്ലാം വിളവ് മോശമാകുമ്പോഴും തെക്കേ മതികായല്‍ പാടശേഖരത്ത് അദ്ദേഹം ആര്‍ജിച്ചെടുത്ത കൃഷിരീതി കണ്ടും കേട്ടും പഠിക്കാന്‍ ഒരു പാട് കര്‍ഷകര്‍ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. നിരവധി പാടശേഖരസമിതികളും കൃഷിഭവനുകളും പുരസ്‌കാരങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലം വീട്ടില്‍ വിശ്രമജീവിതം നയിക്കമ്പോഴും കൃഷിയെക്കുറിച്ചുള്ള ആകുലതകള്‍ അദ്ദേഹം പലരുമായും പങ്കുവയ്ക്കുമായിരുന്നു.
കുട്ടനാടന്‍ കാര്‍ഷികമേഖലയ്ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ജോര്‍ജ് ജോസഫ് എന്ന തൊഴിലാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബേബിച്ചായന്റെ വേര്‍പാട് നികത്താന്‍ പറ്റാത്ത നഷ്ടമാണ്. മുഹമ്മ പട്ടാറ കുടുംബാംഗമായ ഭാര്യ അച്ചാമ്മ ജോര്‍ജും മക്കളും അദ്ദേഹത്തിനു നല്‍കിയ പിന്തുണയും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇളയമകന്‍ അനില്‍ ജോര്‍ജാണ് ഇപ്പോള്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് കാര്‍ഷികമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേഷന്‍സ് മാനേജരായി വിരമിച്ച പയസ് ജോസഫ്, പരേതരായ ജോസഫ് ചാക്കോ, ജോസഫ് ജോസ്, ഡോ. തോമസ് ജോസ്, ഡോ. കെ.ജെ. സ്‌കറിയ, കുഞ്ഞമ്മ ജോസഫ് കരിക്കാട്ടുകുന്നേല്‍, അച്ചാമ്മ ജോണ്‍ കാട്ടൂര്‍, ചാച്ചിമ്മ ഫിലിപ്പ് മണിമുറിയില്‍, ഡോ. സിസ്റ്റര്‍ കരോളിന്‍ തറയില്‍ എസ്ഡി എന്നിവര്‍ പരേതന്റെ സഹോദരങ്ങളും അക്കൗണ്ടന്റ് ജനറലും ദീപിക മാനേജിംഗ് ഡയറക്ടറുമായിരുന്ന ജയിംസ് കെ. ജോസഫ് സഹോദരി പുത്രനും പരേതനായ ജോസ് ജേക്കബ് ഐപിഎസ് സഹോദര പുത്രനുമാണ്.