മോസ്കോ: യുക്രേനിയൻ സൈനികർ കീഴടങ്ങുകയാണെങ്കിൽ അവരുടെ ജീവൻ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ പുടിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുടിൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. ‘അവർ കീഴടങ്ങുകയാണെങ്കിൽ, അവരുടെ ജീവൻ രക്ഷിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു’ പുടിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
പുടിനുമായി വളരെ നല്ല ചർച്ചകൾ നടന്നുവെന്നും യുക്രൈൻ-റഷ്യ യുദ്ധം അവസാനിക്കാൻ വളരെ നല്ല സാധ്യതയാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. ‘റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്നലെ ഞങ്ങൾ വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ നടത്തി. ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം ഒടുവിൽ അവസാനിക്കാൻ വളരെ നല്ല സാധ്യതയുണ്ട്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. പൂർണമായും റഷ്യൻ പട്ടാളം വളഞ്ഞിരിക്കുന്ന യുക്രേനിയൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപും പുടിനും നേരിട്ട് ചർച്ചകൾ നടത്തിയോ ഇല്ലെന്ന കാര്യം വ്യക്തമായിരുന്നില്ല. വ്യാഴാഴ്‌ച രാത്രി മോസ്കോയിൽ വെച്ച് യുഎസ് പ്രതിനിധി സ്‌റ്റീവ് വിറ്റ്കാഫ് പുടിനുമായി ദീർഘനേരം കൂടിക്കാഴ്‌ച നടത്തിയതായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു സംഘർഷത്തിന്റെ സാഹചര്യത്തിൽ മോസ്‌കോയും കീവും വേഗത്തിൽ വെടിനിർത്തൽ കരാർ ഒപ്പിടണമെന്ന നിലപാടാണ് വിഷയത്തിൽ ഡൊണാൾഡ് ട്രംപ് വച്ചുപുലർത്തുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇരു വിഭാഗത്ത് നിന്നും നിരവധി മരണങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ റഷ്യയും യുക്രൈനും തമ്മിൽ 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് നിർദ്ദേശം വന്നതിന് പിന്നാലെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ട്രംപ് സംസാരിച്ചിരുന്നു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി ഈ കരാറിന് സമ്മതം അറിയിച്ചിട്ടുണ്ട്, കൂടാതെ പുടിനും കരാറിന് തന്റെ പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ പുടിൻ ചില വിഷയങ്ങൾ ഇതിനിടയിൽ ഉയർത്തുകയും ചെയ്‌തു. ആ ആശയം തന്നെ ശരിയാണ്, ഞങ്ങൾ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്നു. എന്നാൽ നമ്മൾ ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളുണ്ട്; എന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങളിൽ ധാരണ വരുത്താനായി യുഎസ് പ്രതിനിധി പുടിനുമായി കൂടിക്കാഴ്‌ച നടത്തിയത്



