തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ. ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിഷേധിച്ചു. കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും വിശദീകരണം. കിഫ്ബി നിർമ്മാണങ്ങളിലെ വരുമാനശ്രേതസ്സ് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് കിഫ്ബിയുടെ പ്രധാന നിർമാണം. വരുമാനമില്ലാത്തതിൻ്റെ പേരിലാണ് കിഫ്ബിയ്ക്കെതിരായ കേന്ദ്രവിമർശനമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
അതേ സമയം ടോൾ പിരിവ് എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ വേണമെന്നും വിഷയം ക്യാബിനറ്റിൽ വരുമ്പോൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. അതേ സമയം കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. അത് സംബന്ധിച്ച് ആലോചന നടക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.