കോട്ടയം: ബ്രഹ്മമംഗലം വാർദ്ധക്യസഹജമായ നൈരാശ്യം മൂലം വീട്ടുമുറ്റത്തെ ഉദ്ദേശം 16 കോൽ താഴ്ചയുള്ള കിണറ്റിൽ ചാടിയ 79 വയസ്സുള്ള വൃദ്ധയെ സ്വജീവൻ പണയം വെച്ച്അതിസാഹസികമായി കിണറ്റിൽ ഇറങ്ങി രക്ഷിച്ച ബ്രഹ്മമംഗലം സ്വദേശിയായ കൊച്ചുപുരയ്ക്കൽ കെ.കെ. കൃഷ്ണകുമാർ നാടിന് അഭിമാനമായി.
ആപത്ത് ഘട്ടങ്ങളിൽ ഒരു പൊതുപ്രവർത്തകൻ എങ്ങനെ ഇടപെടണം എന്നതിന് ഉത്തമ ഉദാഹരണമാണ് കൃഷ്ണകുമാറിന്റെ ഈ ധീരമായ പ്രവർത്തി. ധീരതയുടെ പ്രതീകമായി നാടിൻെറ യശസ്സ് ഉയർത്തിയ കൃഷ്ണകുമാറിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഫയർഫോഴ്സ് എത്തുന്നത് വരെ കയ്യിൽ താങ്ങി നിർത്തിയാണ് വൃദ്ധയുടെ ജീവൻ രക്ഷിച്ചത്. കൃഷ്ണകുമാറിനൊപ്പം പുറത്തുമുറിയിൽ മോഹനൻ സഹായിയായി.
വൈക്കം – ബ്രഹ്മമംഗലം കൊച്ചുപുരയ്ക്കൽ കുമാരന്റെയും പരേതയായ സരസ്വതിയുടെയും രണ്ടാമത്തെ മകനാണ് കൃഷ്ണകുമാർ. സിവിൽ പോലീസ് ഓഫീസർ ആയ ജയശ്രീ യാണ് ഭാര്യ. ഭവിൻ കൃഷ്ണ (5) ഏക മകനും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കോവിഡ് കാലത്ത് നിരവധി കൊറോണ രോഗികളെ തന്റെ വാഹനത്തിൽ സൗജന്യമായി വിവിധ ആശുപത്രികളിൽ എത്തിക്കുവാനും, കോവിഡ് രോഗത്താൽ മരണപ്പെട്ടവരെ മറവു ചെയ്യുവാനും സഹായിച്ചിരുന്നു.
വൈക്കം ഫയർ സ്റ്റേഷനിൽ നിന്നുള്ള അസിസ്റ്റൻറ് ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിൽ ഉള്ള ഫയർഫോഴ്സ് സംഘവും, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്.ഐ അർജുനൻ. എസ്, എസ്. സി. പി . ഒ .അരുൺ , ഹോം ഗാർഡ് അനിൽ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ അഭിലാഷ് പി. ബി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.