ചെങ്ങമനാട്: ഇന്നത്തെ ജീവിത സാഹചര്യം കൊണ്ട് കാൻസർ പോലെയുള്ള മാരകരോഗങ്ങൾ സമൂഹത്തിൽ കൂടി വരികയാണെന്നും രോഗനിർണയം നടത്തുന്നതിന് ഇത്തരം ക്യാമ്പുകൾ സാധാരണക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ടെന്നും കാൻസർ പരിശോധന ക്യാമ്പ്
ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ പറഞ്ഞു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച കാൻസർ പരിശോധന ക്യാമ്പിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ഗ്ലെൻസൺ ജോസഫ് ക്യാൻസർ അവബോധ ക്ലാസ് നടത്തി. മെമ്പർമാരായ സിൽവി ബിജു, ഡാർലി ജീമോൻ, സിമി ജിജോ, മീന വേലായുധൻ, ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.



