മാറനല്ലൂര്‍ : മാറനല്ലൂരുകാരുടെ കായികസ്വപ്നങ്ങള്‍ ഇനി പൂവണിയും. മാറനല്ലൂര്‍ പഞ്ചായത്തിലെ കുവളശ്ശേരി കൊങ്ങംകോട്ട് പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടു. സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷവും ഐ.ബി.സതീഷ് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ഉള്‍പ്പെടെ ഒരു കോടി രൂപയാണ് സ്റ്റേഡിയനിര്‍മാണത്തിന് വിനിയോഗിക്കുന്നത്. കൊങ്ങംകോട്ടെ പഞ്ചായത്ത് വക ഭൂമിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോജ്.എസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആന്റോവര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.ആര്‍.സുധീര്‍ഖാന്‍, ഗ്രാമപഞ്ചായത്ത് അംഗം ബാബു സഞ്ജയന്‍, ഊരൂട്ടമ്പലം ചന്ദ്രന്‍, ഷാജിലാല്‍, എ.എല്‍.സനില്‍കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.സി രമേശ് എന്നിവര്‍ സംസാരിച്ചു.