കായംകുളം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ തകരാറിലായ കെട്ടിടം പൊളിച്ചു മാറ്റാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. മലയാളം ടൈംസ് പ്രതിനിധി സന്തോഷ് സദാശിവമഠം മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടർന്നാണ് നടപടി. E.ptn 6926/2024 എന്ന പ്രത്യേക ഓർഡറിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ചീഫ് സെക്രട്ടറി കെ.എസ്.ആർ.ടി.സി എം.ഡി. ക്ക് അന്വേഷിച്ചു നടപടി സ്വീകരിക്കാൻ നല്കിയ നിർദേശമാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്.
ആയിരക്കണക്കിന് യാത്രക്കാർ നിത്യേന എത്തിച്ചേരുന്ന ദേശീയ പാതയുടെ സമീപത്തുള്ള പ്രധാന ബസ് സ്റ്റേഷൻ ആണ് കായംകുളം. ഇവിടെ നിന്ന് ആലപ്പുഴ, കോട്ടയം, അടൂർ, തിരുവല്ല ,കൊല്ലം വഴി അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ നടത്തുന്ന ജംഗ്ഷൻ സ്റ്റേഷൻ എന്ന് പ്രത്യേകതയും കായംകുളത്തിന് ഉണ്ട്. ഓപ്പറേറ്റിംഗ് ഓഫീസ്, മറ്റ് ഓഫീസുകൾ, ഇൻഫർമേഷൻ കൗണ്ടർ, യാത്ര ക്കാർക്ക് വെയിറ്റിംഗ് ഏരിയാ, ക്യാൻടീനൂകൾ തുടങ്ങിയവ തകരാറിലായ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു . ഭയാശങ്കകളോടെ ആണ് ആളുകൾ ഈ കെട്ടിടത്തെ കണ്ടിരുന്നത്. മേൽക്കൂരയുടെ കോൺക്രീറ്റ് തകർന്ന് കമ്പി എല്ലാം പൊട്ടി തുരുമ്പിച്ച നിലയിൽ ആണ് കാണപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഗതാഗത മന്തി ഗണേഷ് കുമാർ, കായംകുളം എംഎൽഎ പ്രതിഭ ഹരി എന്നിവർ സ്വീകരിച്ച പ്രത്യേക താത്പര്യം മൂലം പൊളിച്ചു മാറ്റാൻ നടപടികൾ തുടങ്ങി. തകരാറിലായ കെട്ടിടത്തിന് ചുറ്റും പച്ച ഷീറ്റ് കെട്ടി മറച്ച് സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചു. ഓഫീസുകൾ താത്കാലികമായി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. സർവീസ് ഓപ്പറേറ്റിംഗ് ബസ് സ്റ്റേഷനിൽനിന്ന് തന്നെ സുരക്ഷാ മാനദണ്ഡങ്ങളോടെ നടത്തുമെന്നും അധികൃതർ പറഞ്ഞു. നിരവധി ക്കാലമായ ജനകീയ ആവശ്യം പരിഗണിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് യാത്രക്കാരും കായംകുളം പ്രദേശവാസികളും.



