Monday, December 22, 2025
No menu items!
Homeവാർത്തകൾകാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ; നഷ്ടമായത് പൊതുരംഗത്തെ ശ്രദ്ധേയമായ വനിതാ സാന്നിധ്യം

കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ; നഷ്ടമായത് പൊതുരംഗത്തെ ശ്രദ്ധേയമായ വനിതാ സാന്നിധ്യം

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല 2021 ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്

ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു വിടവാങ്ങിയ എംഎൽഎ കാനത്തിൽ ജമീല. വീട്ടമ്മയിൽ നിന്ന് ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് നിയമസഭയിലേക്കുമുള്ള ജമീലയുടെ വളർച്ച ജനകീയ ആസൂത്രണത്തിന്‍റെ കൈ പിടിച്ചായിരുന്നു. വീട്ടകങ്ങളിൽ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിട്ടി ഭട്ടതിരിപ്പാടിന്‍റെ നാടകാവിഷ്കാരം വന്ന് പിന്നെയും 67 വർഷങ്ങൾ കഴിഞ്ഞായിരുന്നു കേരളത്തിൽ ജനകീയ ആസൂത്രണ പ്രസ്ഥാനം ജീവൻ വെച്ചത്. വികേന്ദ്രീകൃത ജനാധിപത്യത്തിലൂന്നി ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയതോടെ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സ്ത്രീകൾക്ക് കാര്യമായ പങ്കു ലഭിച്ചു. താഴെത്തട്ടിലുള്ള ഈ പ്രവർത്തനങ്ങൾ കേരളത്തിൽ ഒരുപറ്റം കരുത്തുറ്റ വനിത നേതാക്കളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 

തലക്കളത്തൂർ പഞ്ചായത്തിലെ ഇടത്തരം മുസ്ലിം കുടുംബത്തിലെ വീട്ടമ്മയിൽ നിന്നും കേരളത്തിലെ പൊതുരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായുള്ള കനത്തിൽ ജമീലയുടെ വളർച്ചയും ജനകീയസൂത്രണത്തിനൊപ്പമായിരുന്നു. 1996ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ടന്‍റായാണ് ജമീലയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം. കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് വെള്ളം എത്തിക്കാനും എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുമുള്ള ശ്രമങ്ങളായിരുന്നു പഞ്ചായത്ത് പ്രസിഡൻറായിരിക്കെ ജമീല നടത്തിയ പ്രധാന ഇടപെടൽ. കുടിവെള്ള പ്രശ്നം പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ കുത്തിയിരിപ്പ് സമരം അന്ന് വാർത്തകളിൽ ഇടംപിടിച്ചു. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമായിരുന്നു ജമീലയെ തേടിയെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമായിരുന്നു അടുത്തത്. അങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍റെ മൂന്നു ഘട്ടങ്ങളും കടന്നായിരുന്നു നിയമസഭയിലേക്കുള്ള ജമീലയുടെ വരവ്. 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8572 വോട്ടുകൾക്ക് തറപറ്റിച്ചാണ് മലബാറിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ആദ്യ വനിത എംഎൽഎയായി ജമീല ചരിത്രം കുറിച്ചത്. ഈ മികവുകൾ പരിഗണിച്ച് പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ ജമീലയും ഉണ്ടായേക്കുമെന്ന ചർച്ചകളും സജീവമായിരുന്നു. എംഎൽഎ ആയിരിക്കെ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ നടത്താനും ജമീലയ്ക്ക് ആയി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ വഴിയും കുടിവെള്ളവും തടസപ്പെട്ടതോടെ ദേശീയപാത അധികൃതർക്കും നിർമ്മാണ കമ്പനികൾക്കുമെതിരെ കടുത്ത നിലപാടുമായി ജമീല രംഗത്ത് എത്തുന്നതും അടുത്തകാലത്ത് കണ്ടു. നിയമസഭാ സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു ജമീലയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments