ദില്ലി: വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചാണ് മോദി മടങ്ങിയെത്തുന്നത്. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രി മന്ത്രം ചൊല്ലിയാണ് ക്രൊയേഷ്യൻ പൗരന്മാർ സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ക്രൊയേഷ്യയുടെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള ചർച്ചകൾ നടക്കും. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു.
ഖലീസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്റെ വധത്തിന് പിന്നാലെ വഷളായ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കാൻ ധാരണയായത്. ഇരു രാജ്യങ്ങളും പുതിയ ഹൈകമ്മീഷണർമാരെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.