ചെങ്ങമനാട്: മലയോര മേഖലയിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ആക്രമണം തീരപ്രദേശമായ കുട്ടനാട്ടിലും. വെളിയനാട് പഞ്ചായത്തിലെ കിടങ്ങറയാണ് നാട്ടുകാർ കാട്ടുപന്നിയെ കണ്ടത്. ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി ആക്രമണം കൂടിവരുന്നു. രാത്രി പുറത്ത് ഇറങ്ങാൻ കഴിയാതെ ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ.
തെങ്ങ്, കമുക് മറ്റ് ഫലവൃക്ഷങ്ങളുടെ ചുവട് കുത്തി മറിക്കുന്നതോടൊപ്പം വാഴക്കൃഷിയിടത്തിൽ എത്തി വാഴകൾ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് അംഗം സി വി രാജീവ് പഞ്ചായത്തിനും വനം വകുപ്പിനും പരാതി നൽകി.



