കാസർകോട്: മലപ്പച്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ക്ഷീരകർഷകന്
പരിക്കേറ്റു. കാനായിലെ പി കൃഷ്ണനാണ് ( 62 ) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ പശുവിന് പുല്ല് പറിക്കാൻ കാനായി വയലിൽ എത്തിയതായിരുന്നു കൃഷ്ണൻ. ഈ സമയം വയലിലുണ്ടായിരുന്ന കാട്ടുപന്നി കൃഷ്ണന് നേരെ പാഞ്ഞടുത്ത് അക്രമിക്കുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ഇരു കാൽ മുട്ടുകൾക്കും സാരമായി പരിക്കേറ്റു. മലപ്പച്ചേരി, കാഞ്ഞിരപ്പായിൽ, വെണ്ണനൂർ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വാഴ, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാണ് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത്. റബ്ബർ ടാപ്പിങ്ങിന് പോകുന്നവർക്ക് നേരെയും കാട്ടുപന്നികൾ ആക്രമണം നടത്തുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായതിന്റെ തെളിവാണ് പകൽനേരത്ത് പോലും മനുഷ്യർക്ക് നേരെ അക്രമം നടത്തുന്നതെന്നാണ് കർഷകർ പറയുന്നത്.