ചെറുതോണി: നാട്ടിലിറങ്ങിയ കാട്ടിലെ സുന്ദരിയായ മയിലിനെ കണ്ട് ആശ്ചര്യത്തോടെ നില്‍ക്കുകയാണ് നാട്ടുകാരും. കാടായാലും വീടായാലും തനിക്കൊന്നുമില്ലെന്ന കൂസലിലാണ് മയിലിന്റെ നടപ്പ്. നടന്നു മടുത്താല്‍ കുറച്ചു നേരം വീടുകളുടെ തിണ്ണമേല്‍ ഒരു ഇരിപ്പ്. അതും കഴിഞ്ഞാല്‍ മുറ്റത്തുകൂടി ഒരു കറക്കം. കാഞ്ചിയാർ പള്ളിക്കവല പേഴുംകണ്ടം റോഡിലാണ് കൗതുക കാഴ്ചയായി മയിലിന്റെ കടന്നുവരവ്.
ഏകദേശം ഒരാഴ്ചയായി ഈ മയില്‍ ഇവിടെ ചുറ്റിത്തിരിയുണ്ട്. അഞ്ചുരുളി വനത്തില്‍ നിന്ന് വഴിതെറ്റി വന്നതാകാനാണ് സാദ്ധ്യത. വനാന്തരീക്ഷത്തിന്റെ ചുറ്റുപാടില്‍ നിന്നും നാട്ടിലെത്തിയതിന്റെ ഭീതിയൊന്നും ഇദ്ദേഹത്തിനില്ല. അഥിതിയായി എത്തിയ മയിലിനെ കാണാൻ നാട്ടുകാരും ഒത്തുകൂടി.
സാധാരണ 75 മില്ലിമീറ്ററില്‍ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് മയിലുകളെ കാണാറുള്ളത്. എന്നാല്‍ ഹൈറേഞ്ചിലെ കാർഷിക മേഖലയായ കാഞ്ചിയാറില്‍ മഴയ്ക്ക് കുറവൊന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചകമാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. എന്നാല്‍ കാട്ടില്‍ നിന്ന് വഴി തെറ്റി ഇവിടെ പെട്ടതാണെന്ന് മറ്റു ചിലർ. എങ്ങനെയൊക്കെ ആയാലും തെരുവുനായാകളുടെ കണ്ണില്‍പെട്ടാല്‍ മയിലിന്റെ കാര്യത്തില്‍ തീരുമാനമാകും. ഇന്ത്യയുടെ ദേശീയ പക്ഷിയും സംരക്ഷിത ജീവി വിഭാഗത്തില്‍പ്പെട്ടതുമായ മയിലിനെ വനപാലകർ സംരക്ഷിച്ച് കാട്ടിലേക്ക് അയക്കണമെന്നാണ് ഉയരുന്ന ആവശ്യം.