കസാഖിസ്ഥാനിൽ യാത്ര വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. അസർബൈജാന്‍ എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എത്ര പേർ മരിച്ചെന്ന് വ്യക്തമല്ല. അതേസമയം 14 പേരെ രക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച റിപ്പോർട്ടുകളിൽ പറയുന്നു. ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ കസാഖ് നഗരമായ അക്‌തൗവിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ (1.8 മൈൽ) അകലെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഗ്രോസ്നിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് ഇവിടേക്ക് വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം എങ്ങനെ സംഭവിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്