മലയിന്‍കീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ണത്തൂവല്‍ 2025 എന്നപേരില്‍ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ അധ്യക്ഷയായി. സാഹിത്യകാരന് എന്‍.എസ്.സുമേഷ് കൃഷ്ണന് മുഖ്യാതിഥിയായി. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്കാരിക പുരസ്കാരം സിനിമാ സംവിധായകന് നേമം പുഷ്പരാജും കവി അയ്യപ്പന് സ്മാരക പുരസ്കാരം ഹരന് പുന്നാവൂരും ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രന്‍നായര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ബി.ഡി.ഒ അജയഘോഷ്, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സംഘടിപ്പിച്ച വയോജന കലാ കായിക മേളയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പരിധിയിലുള്ളവര്‍, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ കലാപരിപാടികളും അവതരിപ്പിച്ചു.



