തിരുവാർപ്പ് : കെ ഇ കോളേജ് സോഷ്യൽ വർക്ക് എക്സ്റ്റൻഷൻ വിഭാഗമായ കുര്യാക്കോസ് എലിയാസ് ഡവലപ്പ്മന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി (കേദസ്) യുടെയും സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും സി ഡി എസി ന്റെയും സഹകരണത്തോടെ ഇല്ലിക്കൽ ലിറ്റിൽ സ്റ്റാർ നഴ്സറിയിൽ വച്ച് ധ്വനി 2K24- കമ്മ്യൂണിറ്റി ഫെസ്റ്റും കൾച്ചറൽ കോമ്പറ്റീഷനും നടത്തി. ഒന്നാം സെമസ്റ്റർ ഫീൽഡ് വർക്കിന്റെ ഭാഗമായി ഗ്രാമീണ മേഖലയെക്കുറിച്ച് പഠനം നടത്തുകയും ഗ്രാമ വാസികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ CDS അംഗങ്ങൾക്കായി ലളിതഗാനം, ഫോക് ഡാൻസ് എന്നീ മത്സരങ്ങളും, പ്രദേശ വാസികളുടെ വിവിധങ്ങളായ കലാപരിപാടികളും, എക്‌സിബിഷനും നടത്തപ്പെട്ടു.
കെ ഇ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രാജേന്ദ്രൻ ബാബു പി ജി(റിട്ട ആർ. ടി. ഒ) മുഖ്യപ്രഭാഷണം നടത്തി. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. രജനി മോഹൻദാസ്, കേദസ് പ്രോജക്ട് കോർഡിനേറ്റർ മിസ്.ഷെറിൻ കെ സി, ടി എസ് ഡബ്ള്യു ആർച്ചാമോൾ, ടി എസ് ഡബ്ള്യു അമല ജോൺ എന്നിവർ സംസാരിച്ചു. ശ്രീ രാജേന്ദ്രൻ ബാബു പി ജി (റിട്ട ആർ. ടി. ഒ) സമ്മാനദാനം നിർവഹിച്ചു. നൂറിലധികം പ്രദേശവാസികൾ പങ്കെടുത്തു.