തോട്ടപ്പള്ളി: കരിമണൽ ഖനന വിരുദ്ധ സംയുക്ത വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കെ.സി വേണുഗോപാൽ എം.പി യുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി പൊഴി മുഖത്തെ കരിമണൽ ഖനനം നടക്കുന്ന പ്രദേശത്തേക്ക് ബഹുജന മാർച്ച് നടത്തി. കരിമണൽ ഖനനം ഇനിയും സഹിക്കുവാനാകില്ല, കരിമണൽ ഖനനം അവസാനിപ്പിക്കുക, തീരം സംരംക്ഷിക്കുക എന്നീ മുദ്രവാക്യം ഉയർത്തിയാണ് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നുറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കരിമണൽ ഖനന വിരുദ്ധ പ്രതിഷേധ സമ്മേളനം കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി തീരദേശ മേഖലയെ കാർന്ന് തിന്നുന്ന കരിമണൽ ഖനനാനുകൂല ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ പിൻവലിയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിലെ കരിമണൽ കാട്ടു കൊള്ള അവസാനിപ്പിക്കണമെന്നും കരിമണൽ ഖനനത്തിൻ്റെ പേരിൽ കെഎംആർഎല്ലിൽ നടക്കുന്നത് വൻ അഴിമതി ആണെന്നും കെ.സി പറഞ്ഞു.
തോട്ടപ്പള്ളി എന്ന ഗ്രാമത്തിൻ്റെ അതിജീവനത്തിൻ്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.