കരിന്തളം-വയനാട് 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ കൃഷിക്കും ഭൂമിക്കും ഉണ്ടാകുന്ന നഷ്ടം സ്ഥലപരിശോധന നടത്തി നിർണയിക്കാൻ ഉന്നത തല യോഗത്തിൽ ധാരണ. ഭൂ ഉടമകളുടെയും കർഷകരുടെയും പ്രതിഷേധത്തെ തുടർന്ന് നിർത്തിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധികളും കർമ്മസമിതി ഭാരവാഹികളും ആയി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രസിഡണ്ടും കെഎസ്ഇബി ട്രാൻസ്ഗ്രഡ് ഉദ്യോഗസ്ഥരും കർമ്മസമിതി ഭാരവാഹികളും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ വ്യക്തികളും സംയുക്തമായി നഷ്ടത്തിന്റെ രൂപരേഖ തയ്യാറാക്കും. ടവർ സ്ഥാപിക്കുന്നിടത്ത് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്നിടത്ത് സെന്റിന് 50,000 രൂപയും നഷ്ടപരിഹാരം വേണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
കെഎസ്ഇബിയുടെ പുതുക്കിയ കർണാടക മോഡൽ പാക്കേജിന് പുറമേ സർക്കാർതലത്തിൽ പുതിയ പാക്കേജിനെ കുറിച്ച് മന്ത്രി തലത്തിൽ എംഎൽഎമാരും കെഎസ്ഇബി എംഡിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും. നഷ്ടപരിഹാരം തന്നതിന് ശേഷം മാത്രമേ സർവ്വേ ജോലികൾക്കായി ഉദ്യോഗസ്ഥരെ സ്ഥലത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥരെ തള്ളിക്കൊണ്ട് ജനപ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അരുൺ കെ വിജയൻറെ അധ്യക്ഷതയിൽ എംഎൽഎമാരായ അഡ്വക്കേറ്റ് സണ്ണി ജോസഫ്,സജീവ് ജോസഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെഎസ്ഇബി ഡയറക്ടർമാർ, കെഎസ്ഇബി ചീഫ് എൻജിനീയർ, മേഖലയിലെ വിവിധ പഞ്ചായത്തിലെ പ്രസിഡൻറ്മാർ, ആക്ഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.