പാലക്കാട്: കൂടുതൽ അധ്വാനിക്കാൻ തയ്യാറെങ്കിൽ കുരുമുളകിനെ പകരം മറ്റൊരു തോട്ടവിളയില്ലന്ന് തുറന്ന് പറയുന്ന കർഷകനാണ് പാലക്കാട് ധോണി ശങ്കരമംഗലം സി. ഒ. ഉമ്മൻ. അതിന് വഴിയൊരുക്കിയത് അഗ്രി ഹോമിയോ ഡോക്ടറായ വിഷ്ണുദാസാണ്.
കുട്ടികളെ പരിചരിക്കുന്നതുപോലെ സസൃങ്ങളെ പരിചരിച്ചാൽ നേട്ടങ്ങൾ ഉണ്ടാകും. കൃത്യമായി പരിചരണം നൽകിയപ്പോൾ കമുക് കനിഞ്ഞു. വർഷത്തിൽ നേരിയതോതിൽ മൂന്ന് നാല് തവണ വിളവെടുപ്പ് നടന്നിരുന്ന കമുക് തോട്ടത്തിൽ നിന്ന് ഓരോ മാസവും മികച്ച വിളവെടുപ്പ് നടത്താൻ കഴിയുന്നു. ഒരു വർഷത്തെ ക്ഷമയോടെ ഉള്ള പരിശ്രമാണ് ഇതിന് കാരണം. ഇന്ന് മികച്ച വില ലഭിക്കുന്ന അടയ്ക്കയ്ക്ക് ഭാവിയില്ലന്ന് പറയുന്നവരും ഉണ്ട്. അടയ്ക്കയുടെ ഉപയോഗം എന്താണ് എന്ന് നാം മനസ്സിലാക്കാത്തതാണ് ഇതിന് കാരണം. നാലും കൂട്ടി മുറുക്കാൻ മാത്രം കൊള്ളാം എന്ന് ചിലർ പറയും. വായ്ക്ക് സുഗന്ധം നൽകുന്ന സുഗന്ധപ്പാക്ക് ഉണ്ടാക്കാൻ കൊള്ളാമെന്ന് പറയുന്നവരും ഉണ്ട്. ഇതെല്ലാം ശരിയാണെങ്കിലും പൊതുവെ ഇത് ഉപയോഗിക്കുന്നത് ചവയ്ക്കാൻ ആണ്. മൌത്ത് ഫ്രഷ്‌നെർ ആയി വലിയ അളവിൽ ഉപയോഗിച്ച് വരുന്നുണ്ട്.
ഒരുപാട് വ്യവസായിക ഉപയോഗത്തിന് അടയ്ക്ക ഒരു പ്രധാന ഘടകമാണ്. ആയുർവേദത്തിലും ചൈനീസ് മെഡിസിനിലും ഔഷധങ്ങൾ ഉണ്ടാക്കാൻ അടയ്ക്ക ആവശ്യം തന്നെ. പെയിന്റ് വ്യവസായത്തിൽ വലിയ തോതിൽ അടയ്ക്കയ്ക്ക് ആവശ്യകതയുണ്ട്. വേനൽക്കാലത്ത് വാഹനങ്ങളുടെ പെയിന്റിങ്ങ് പൊട്ടാതെ കാത്ത് സംരക്ഷണം നൽകുന്നത് പെയിന്റിൽ അടയ്ക്ക പ്രത്യേക അളവിൽ ചേർക്കുന്നത് കൊണ്ടാണ്. കൂടാതെ തുകൽ വ്യവസായത്തിലും പ്ലൈവുഡ് നിർമ്മാണത്തിലെ പശയായും ഒക്കെ ഉപയോഗിക്കുന്നു. വൃവസായിക ആവശൃത്തിനായി ഫ്രാൻസ്, ജർമനി, നെതെർലാൻഡ്സ് എന്നിവരാണ് ഇന്ത്യ കഴിഞ്ഞാൽ പ്രധാന അടയ്ക്ക ഇറക്കുമതിക്കാർ. കമുക് കൃഷിയ്ക്ക് വലിയ ഭാവിയില്ല എന്ന് കരുതുന്ന ചിലർ ഉണ്ടെങ്കിലും തോട്ടവിളകളിൽ, വിലയുടെ കാര്യത്തിൽ മുടിചൂടാമന്നൻ ആയി ഇന്ന് കവുങ്ങ് വിലസുകയാണ്.
റെയിൽവേയിൽ ക്ലർക്ക് ആയി റിട്ടയർ ചെയ്ത ശേഷമാണ് ഉമ്മൻ സമ്പൂർണ കർഷകനായി മാറുന്നത്. തുടർന്ന് കർണാടകയിൽ 20 ഏക്കർ റബ്ബർ കൃഷിയിൽ സജീവമായി. ഒപ്പം വീട്ടുവളപ്പിലെ കൃഷിയിലും കൂടുതൽ ശ്രദ്ധ നൽകി. ചില സുഹൃത്തുക്കളോടൊപ്പമുള്ള കർണാടക കമുക് കൃഷിയിൽ നഷ്ടങ്ങൾ ഏറെ ഉണ്ടായി. കൃഷിയെക്കുറിച്ച് വലിയ അറിവ് ഇല്ലാത്തതിനാൽ പറ്റിക്കപ്പെട്ടു എന്ന് പറയുന്നതാണ് ശരിയെന്ന് ഉമ്മൻ പറഞ്ഞു. മുടക്കിയതിന്റെ പകുതി പോലും കിട്ടാതെ തിരിക്കുമ്പോൾ, നാട്ടിൽ ഒരു കമുക് തോട്ടം വേണമെന്ന് മോഹം ഉണ്ടായിരുന്നു. അങ്ങനെ ഒന്നരയേക്കർ കമുകിൻ തോട്ടം സ്വന്തമാക്കി. ആദായം ഉണ്ടായിരുന്നെങ്കിലും ചെലവാക്കുന്ന വളത്തിന് അനുസരിച്ച് വിളവ് ഉണ്ടായില്ല. കമുക് തോട്ടം മെച്ചപ്പെടുത്താൻ കൃഷി വകുപ്പിലും മികച്ച കൃഷിയിടങ്ങളിലും ചെന്നു. അവരുടെ നിർദ്ദേശം സ്വീകരിച്ചു. എന്നിട്ടും കമുകിന് കാരൃമായ മാറ്റങ്ങൾ ഇല്ല. 850 മരങ്ങൾ ഒരുമിച്ച് പാട്ടത്തിന് കൊടുത്തമ്പോൾ കിട്ടിയിരുന്നത് മുക്കാൽലക്ഷത്തിന് താഴെ. അതിനെക്കാൾ കൂടുതൽ ചെലവ് വളത്തിനും പരിചരണത്തിനും ആയി. മുടക്ക് മുതലെങ്കിലും കിട്ടിയാൽ മതി എന്ന് വിചാരിച്ച് പലരുടെയും അഭിപ്രായങ്ങൾ തേടുന്ന അവസരത്തിലാണ് ഡോക്ടർ വിഷ്ണുദാസിനെ കുറിച്ച് കേൾക്കുന്നത്. അദ്ദേഹം തോട്ടം കണ്ടു. മണ്ണ് പരിശോധന നടത്തി. ഹോമിയോ അടിസ്ഥാനത്തിൽ ഉള്ള വളപ്രയോഗം നിർദ്ദേശിച്ചു. എന്റെ വിശ്വാസക്കുറവ് കണ്ടതുകൊണ്ടാകാം നഷ്ടം ഉണ്ടായാൽ മരുന്നിന്റെ വില തിരികെ തരാം. കുറഞ്ഞത് ഒരു വർഷം ഹോമിയോ അടിസ്ഥാനത്തിൽ ഉള്ള വളപ്രയോഗം നടത്തം. നേട്ടം ഉണ്ട്, കൂടുതൽ വിളവെടുപ്പ് തുടർന്നും വേണമെങ്കിൽ മരം നശിക്കുന്നതുവരെ വളപ്രയോഗം ആവശ്യമാണ്. ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നല്ല വിളവ് ഉണ്ടാകൂ. സമ്മതിച്ച് അദ്ദേഹത്തിന്റെ നിർദേശപ്രകാരം വളങ്ങൾ നൽകി. ആറ് മാസം കഴിയുന്നതിന് മുമ്പേ അടയ്ക്കാമരങ്ങൾ കരുത്തും വളർച്ചയും കൂടി. വിളവ് വർദ്ധിച്ചു. ഒന്നര വർഷമായി ഹോമിയോ അടിസ്ഥാനത്തിൽ ഉള്ള വളപ്രയോഗം ആണ്. പ്രധാനമായും തോട്ടത്തിൽ തയ്യാറാക്കിയ ജൈവ ലായനിയാണ് ഉപയോഗിച്ച് വരുന്നത്. ഇപ്പോൾ മാസം തോറും വിളവെടുപ്പ് ആയി.
നീവാഴ്ചയുള്ള തോട്ടങ്ങളിൽ നന്നായി വെള്ളവും വളവും നൽകി കമുകുകൾ പരിപാലിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് വിളവ് ലഭിക്കും. കവുങ്ങ് കൃഷി പിടിച്ചാൽ വിടികിട്ടാതെ വരും. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകനും ഉപയോഗകനും. ഏതാണ്ട് നാലരലക്ഷം ഹെക്റ്ററിൽ ഇന്ത്യ കവുങ്ങ് കൃഷി ചെയ്യുന്നു. ഏഴര ലക്ഷം ടൺ അടയ്ക്ക ഉത്പാദിപ്പിക്കുന്നു. എന്നിട്ടും ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. അത്രയ്ക്കുണ്ട് നമ്മുടെ ഉപഭോഗം.
നല്ല മഴ, നല്ല സൂര്യപ്രകാശം, നല്ല നീർവാർച്ച, ജൈവ സമ്പുഷ്ടമായ വായുസഞ്ചാരമുള്ള മണ്ണ്, ജലസേചന സൗകര്യം ഇതൊക്കെ നമ്മുടെ തോട്ടത്തിലുണ്ടെങ്കിൽ പ്രധാന വിളയായി കമുക് കൃഷി ചെയ്യാം.
തൈകൾ നട്ട് കഴിഞ്ഞാൽ കമുകിന് അല്പം തണൽ വേണം. കായ്ക്കാൻ തുടങ്ങുന്നതോടെ നല്ല സൂരൃപ്രകാശവും ആവശൃമാണ്. മണ്ണിൽ വേണ്ടത്ര നീർവാർച്ചയും വായുസഞ്ചാരവും ഇല്ലെങ്കിൽ കമുകിന്റെ വേരുകൾ പതുക്കെ നശിച്ച് വിളവ് കറഞ്ഞ് നശിക്കും. ഓരോ ചെടിയ്ക്കും മണ്ണാവശ്യങ്ങൾ ഉണ്ട്. അത് പാകത്തിന് നൽകാൻ കഴിഞ്ഞാൽ കമുക് തഴച്ച് വളരും. മണ്ണറിഞ്ഞ് ചെടികൾക്ക് ആവശൃമായ വളങ്ങൾ കൃത്യമായി നൽകി ഉല്പാദനം വർദ്ധിപ്പിക്കുന്ന രീതി ആണ് ഡോക്ടർ വിഷ്ണുദാസ് നടപ്പാക്കിവരുന്നത്. നല്ലൊരു കമുകിൽ വർഷം 12-13 ഇലകൾ ഉണ്ടാകും. ഓരോ ഇലകളോടൊപ്പം കുലകൾ ഉണ്ട്. ആരോഗ്യം ഇല്ലാത്ത മരമാണെങ്കിൽ നല്ലൊരു ശതമാനം പൂങ്കുലകൾ നശിച്ച് പോകും. അതുകൊണ്ട് തന്നെയാണ് വർഷം 3-4 കുലകളായി കുറയുന്നത്. ഇതിനെ വേണ്ട രീതിയിൽ പരിഹരിക്കാൻ കർഷകർക്ക് കഴിഞ്ഞാൽ എല്ലാ മാസവും വിളവെടുപ്പ് നടത്താൻ സാധിക്കും. കൃത്യമായി പരിചരണം നടത്തി, മികച്ച വിളവെടുപ്പ് നടത്തി, പ്രതീക്ഷിച്ചതിലേറെ വരുമാനം നേടിവരുന്ന സന്തോഷത്തിലാണ് ഉമ്മൻ.
കൃഷിയിടം ശ്രദ്ധിക്കുകയും ആവശൃമായ മുൻകരുതൽ സ്വീകരിക്കുകയും ഹോമിയോ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുകയും ചെയ്താൽ, കട ചീയൽ, കായ് ചീയൽ, ചുവട് ചീയൽ, കൂമ്പ് ചീയൽ, പൂങ്കുല കരിച്ചിൽ, ഇലക്കുത്ത്, മഞ്ഞളിപ്പ് എന്നി പ്രധാന രോഗങ്ങളെ നല്ലൊരു ശതമാനം നിയന്ത്രിക്കാൻ കഴിയും. അന്തരീക്ഷതാപനില കൂടുന്നതും ഈർപ്പം വർധിക്കുന്നതും രോഗസാധ്യത കൂട്ടും. ദിവസവും കൃഷിയിടം സന്ദർശിച്ച് ചെടികളോടൊപ്പം ചെലവഴിച്ചാൽ അവ നൽകുന്ന മാനസിക ശാരീരിക സാമ്പത്തിക നേട്ടങ്ങൾ വളരെ വലുതാണെന്ന് ഉമ്മൻ അനുഭവത്തിൽ നിന്ന് പറയുന്നു.



