തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് കോഴിക്കോട് അരീക്കാടും ആലുവയിലും റെയിൽഗതാഗതം ഭാഗികമായി തടസപ്പെട്ടു. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് നൽകി.ആലുവ അമ്പാട്ടുകടവിൽ റെയിൽവെ ട്രാക്കിലേക്ക് മരം കടപുഴകി വീണതോടെ മൂന്നര മണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് ട്രാക്കിലേക്ക് കൂറ്റൻ ആൽമരം മറിഞ്ഞുവീണത്. റെയിൽവേയുടെ ഇലക്ട്രിക് ലൈനുകളും പൊട്ടിയിരുന്നു. പൊലീസും ഫയർഫോഴ്സും റെയിൽവേ എൻജിനീയറിങ് വിഭാഗവും ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങളാണ് കടപുഴകി വീണത്. ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റും കാറ്റിൽ ട്രാക്കിലേക്ക് പറന്നുവീണു. കോട്ടയം രാമപുരം – കൂത്താട്ടുകുളം റോഡിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിൽ മരം വീണു. മാങ്കുളം കുവൈറ്റ് സിറ്റിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ മരവും വൈദ്യുതി ലൈനുകളും വീണു. മാങ്കുളത്ത് കാറിന് മുകളിലും മരം വീണു. ആർക്കും പരിക്കില്ല. പീരുമേട്ടിലും വാഗമണ്ണിലും വിവിധ ഇടങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിലുമുണ്ടായി. ജലനിരപ്പുയർന്നതോടെ കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകളും തുറന്നു. പെരിയാർ, മുതിരപ്പുഴയാർ, തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശവും നൽകി. തൃശൂർ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് നൽകി.ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി. അടിമാലി അമ്പലപ്പടിയില്‍ രണ്ടായിരത്തോളം ഏത്തവാഴകള്‍ നിലം പൊത്തി. വിളവെടുപ്പിന് പാകമായ ഏത്തവാഴക്കുലകൾ നശിച്ചത് കർഷകർക്ക് തിരിച്ചടിയായി. അടിമാലി,കത്തിപ്പാറ,മച്ചിപ്ലാവ് സ്വദേശികളായ ബാബു,പോള്‍,ബെന്നി,വില്‍സണ്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. ആകെയുണ്ടായിരുന്ന നാലായിരത്തോളം ഏത്തവാഴകളിൽ ഭൂരിഭാഗവും നിലം പൊത്തി. രണ്ടാഴ്ച്ചകൂടി പിന്നിട്ടാല്‍ മൂപ്പെത്തുമായിരുന്ന രണ്ടായിരത്തോളം വാഴക്കുലകളും നശിച്ചു.സർക്കാരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയിറക്കുന്നതിനും പരിപാലനത്തിനുമായി പത്ത് ലക്ഷത്തിലധികം രൂപ ഇതുവരെ ചെലവഴിച്ചെന്നാണ് കർഷകർ പറയുന്നത്. വൈകാതെ വിളവെടുക്കാമെന്നും വായ്പാ തുകയടക്കം തിരികെ നല്‍കാമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.എന്നാല്‍ നിനച്ചിരിക്കാതെയെത്തിയ പെരുമഴ കർഷകരുടെ പ്രതീക്ഷകൾ തകര്‍ത്തു. സര്‍ക്കാരിൻ്റെ കൈത്താങ്ങുണ്ടായില്ലെങ്കില്‍ പിടിച്ചു നിൽക്കാനാകില്ലെന്നും കര്‍ഷകര്‍ പറയുന്നു.



