കണ്ണൂർ: പയ്യന്നൂർ രാമന്തളി കുരിശുമുക്കിൽ വാഹനാപകടത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഗുഡ്സ് ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്. രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്.



