ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഏലൂർ നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാരി മരിച്ചു. ഏലൂർ സൗത്ത് മലയാളം വീട്ടിൽ ജോസഫിന്റെ ഭാര്യ വിൻസി (59) യാണ് മരിച്ചത്. വിൻസി സ്കൂട്ടറിന്റെ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന മഞ്ഞുമ്മൽ പരപ്പത്തു വീട്ടിൽ പി. എം ശ്രീജ (39) പരിക്കുകളോടെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.
ഏലൂർ നഗരസഭയിലെ ജോലി കഴിഞ്ഞ് വിൻസി ചേരാനല്ലൂർ പഞ്ചായത്തിൽ ഹരിത കർമസേനയിൽ ജോലി ചെയ്യുണ്ട്. പഞ്ചായത്തിലെ ജോലി കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന ശ്രീജയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കണ്ടെയ്നർ റോഡിൽ കോതാട് ഭാഗത്ത് വച്ചാണ് അപകടം. സർവ്വീസ് റോഡിൽ നിന്ന് കണ്ടെയ്നർ റോഡിലേക്ക് കയറി വന്ന ഇവരുടെ സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി ഇടിച്ചതിനെ തുടർന്ന് ഇരുവരും വാഹനത്തിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. വിൻസിയുടെ ശരീരത്തിലൂടെ ലോറി കയറി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



