പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവും ആക്കുന്ന വർണ്ണ കൂടാരം പദ്ധതി ശനിയാഴ്ച കട്ടാമ്പാക്ക് വടക്കേ നിരപ്പ് ഗവ. യു പി സ്കൂളിൽ തുടക്കമാകും. ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കാട്ടാംപാക്ക് വടക്കേനിരപ്പ് പ്രദേശത്തിൻ്റെ അക്ഷരദീപമായി വെളിച്ചം ചൊരിയുന്ന വടക്കേ നിരപ്പ് ഗവ. യു പി സ്കൂളിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലായി മാറുകയാണ് വർണ കൂടാരം പ്രീ പ്രൈമറി വിദ്യാലയം.
സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ കുരുന്നുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 10 ലക്ഷം രൂപ ചെലവഴിച്ച് സജ്ജമാക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28 ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. അഡ്വ.മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി സുനിൽ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല ,ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകല ദിലീപ് തുടങ്ങിയവർ പ്രസംഗിക്കും.വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരോടൊപ്പം സംഘാടക സമിതി കൺവിനറായി ഇ കെ ശ്രീകുമാർ, പി.ടി.എ പ്രസിഡൻ്റ് സുനിൽ വി., ഹെഡ്മിസ്ട്രസ് ലീന.കെ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.