മലയിന്‍കീഴ്: കണിയാക്കോണം തമ്പുരാന്‍ ക്ഷേത്ര റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌ക്കരമായി. കുണ്ടും കുഴിയുമായ റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ സര്‍ക്കസ് പഠിക്കേണ്ട അവസ്ഥയാണ്. പതിനൊന്ന് കൊല്ലം മുന്‍പാണ് റോഡ് ടാര്‍ ചെയ്തത്. അതിനുശേഷം ഒരു നവീകരണപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. മഴപെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് ഉണ്ടാകുന്ന അപകടങ്ങള്‍ വേറെ. കാല്‍നടയാത്രപോലും അസാധ്യമായ അവസ്ഥയിലാണ് ഇപ്പോള്‍. റോഡിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിരവധി കുടുംബങ്ങള്‍ യാത്രചെയ്യുന്ന റോഡിനാണ് ഈ ഗതികേട്. കണിയാക്കോണം തമ്പുരാന്‍ ക്ഷേത്രറോഡിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
റോഡ് കുണ്ടും കുഴിയും ആയത് മാത്രമല്ല, തെരുവുവിളക്കുകള്‍ കത്താത്തതും നാട്ടുകാരെ ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ചുമന്നുകൊണ്ട് പ്രധാന റോഡിലെത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. തെരുവുവിളക്കുകള്‍ കത്താത്തതുകാരണം രാത്രികാലങ്ങളില്‍ ഇതുവഴി യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ടാര്‍ ചെയ്ത് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.



