കണക്ടിങ് ഇന്ത്യയ്ക്ക് പകരം ഇനി കണക്ടിങ് ഭാരത്. ബിഎസ്എൻഎല്ലിന്റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ ഇറക്കിയത്. ഇതോടൊപ്പം ആപ്തവാക്യമായ ‘കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്ടിങ് ഭാരത്’ എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്.
ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.ലോഗോ മാറ്റിയതിനൊപ്പം പുതിയ ഏഴ് സർവീസുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചു. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളിൽപ്പെടുന്നു. ഉപഭോക്താക്കൾക്ക് എവിടെ നിന്നും സിം എടുക്കുന്നതിനായി എനി ടൈം സിം കിയോസ്ക്കുകൾ, എസ്എംഎസ് സർവീസിനായി സാറ്റലൈറ്റ് ടു ഡിവൈസ് കണക്ടിവിറ്റി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്
എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവനദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനുപിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 4ജി റോൾഔട്ട് പൂർത്തിയായതിനുശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.



