കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. ഇന്നു രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്‌ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനനം പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.
മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെൻ്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സർക്കാർ സംസ്‌ഥാനത്ത് മണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി.എൻ.പ്രതാപൻ, പി.പി. ചിത്തരഞ്ജൻ എംഎൽഎ, ചാൾസ് ജോർജ് എന്നിവർ പറഞ്ഞു. മാർച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാർലമെൻ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, സിപിഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടൽഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ ആചരിക്കുന്നത്.



