Saturday, August 2, 2025
No menu items!
Homeവാർത്തകൾകടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ചു

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ചു

വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ​ഗാന്ധി എംപി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ​ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. വയനാട്ടിൽ വന്യജീവി ആക്രമണം തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദർശനം. കോൺ​ഗ്രസ് ഡിസിസി ട്രഷറർ അന്തരിച്ച എൻഎം വിജയൻ്റെ വീടും പ്രിയങ്ക സന്ദർശിക്കും. അതേസമയം, രാധയുടെ വീട്ടിലേക്കുള്ള വഴിയിൽ പ്രിയങ്ക ഗാന്ധിയെ എൽഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തിൽ എത്താൻ വൈകുന്നതിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. 

അതിനിടെ, വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചുവെന്നും താൻ കടുവയെ നേരിട്ട് കണ്ടുവെന്നുമാണ് ലക്ഷ്മി പറഞ്ഞത്. പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ്  ഉദ്യോഗസ്ഥർ പുലിയാണെന്ന അനുമാനത്തിലാണ്. ഇന്നലെ പഞ്ചാരക്കൊല്ലിയിൽ ഭീഷണി പടർത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തെരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. 

വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തിൽ വയനാട്ടിൽ ഇന്ന് മുതൽ 3 നാൾ ജനകീയ പരിശോധന നടക്കുന്നുണ്ട്. കടുവ പേടി നിലനിൽക്കുന്ന, പെരുന്തട്ട, പുൽപള്ളി മേഖല, ഇന്നലെ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ പഞ്ചാരക്കൊല്ലി ഉൾപ്പെടെയുള്ള മേഖലകളിലാണ് വനംവകുപ്പ് പരിശോധന. നോർത്ത്, സൗത്ത് വനം ഡിവിഷനുകളെ 6 മേഖലകളാക്കി തിരിച്ചാണ് പരിശോധിക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാനും കൂടി വേണ്ടിയാണ് പ്രത്യേക ദൗത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments