Wednesday, July 9, 2025
No menu items!
Homeവാർത്തകൾഓപ്പറേഷൻ സിന്ദൂർ, വിദേശ സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നേരിട്ട് കാണും

ഓപ്പറേഷൻ സിന്ദൂർ, വിദേശ സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നേരിട്ട് കാണും

ദില്ലി: 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ  ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു  59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ ചുമതല. ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം പരിഗണനയിൽ ഉണ്ടെന്നും വാര്‍ത്തകളുണ്ട്. ഈ മാസം 16 ന് കേന്ദ്ര സര്‍ക്കാര്‍ സമ്മേളനം വിളിക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെന്‍റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോൺ​ഗ്രസിനെതിരെ കടുപ്പിച്ച് ബി ജെ പി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയെ പുകഴ്ത്തുമ്പോഴും കോൺ​ഗ്രസ്, പാക്കിസ്ഥാൻ വക്താക്കളെപോലെ പ്രവർത്തിക്കുന്നുവെന്ന് ബി ജെ പി നേതാവ് തരുൺ ചു​ഗ് അഭിപ്രായപ്പെട്ടു. എതിരാളികളെ എങ്ങനെ നേരിടണമെന്ന് കോൺ​ഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും 2004 മുതൽ 2014 വരെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കാത്ത സർക്കാറിനെ രാജ്യം കണ്ടതാണെന്നും ചു​ഗ് വിമർശിച്ചു. കോൺ​ഗ്രസ് സൈനിക നടപടിയിൽ ചോദ്യങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തുന്നത്. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാന്‍റെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. നരേന്ദ്ര മോദി സർക്കാർ സത്യം മൂടി വച്ചെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. പാർലമെൻറ് വിളിച്ച് യഥാർത്ഥ വിവരങ്ങൾ വിശദീകരിക്കാൻ സർക്കാരിന് കഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ സി ഡി എസിന്‍റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിന്‍റെ മൗനം തുടരുകയാണ്. ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന സൂചന നല്കി ഇന്നലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വാർത്താ ഏജൻസിയോട് സംസാരിച്ചത് പല ചോദ്യങ്ങൾക്കും ഇടയാക്കുകയാണ്. നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് ഡി ജി എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ നഷ്ടം എന്തെന്ന് വിശദീകരിച്ചിരുന്നില്ല. ഇന്ത്യയിലെ മാധ്യമങ്ങളോടും സർവ്വകക്ഷി യോഗത്തിലും ഇക്കാര്യം വിശദീകരിക്കാതെ വിദേശ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത് എന്തിനെന്നാണ് ചോദ്യം. പാകിസ്ഥാൻ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങൾ തകർത്തു എന്ന് പ്രചരിപ്പിക്കുന്നത് കളവാണെന്ന് ജനറൽ ചൗഹാൻ ഇന്നലത്തെ അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട്. അങ്ങനെ എങ്കിൽ തുടക്കത്തിലുണ്ടായി തന്ത്രപരമായ പിഴവ് എന്തായിരുന്നു വിമാനം എങ്ങനെ വീണു എന്ന സംശയങ്ങളും ഉയരുന്നു. ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ചോദ്യം സ്ഥിരമായി രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ടായിരുന്നു. സേനകൾ ധീരമായി ഓപ്പറേഷൻ പൂർത്തിയാക്കിയെങ്കിലും വസ്തുതകൾ വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണം എന്ന ആവശ്യം ശക്തമാക്കാനും സി ഡി എസിന്‍റെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കുകയാണ്. പാകിസ്ഥാനുമായി നടന്ന സംഘർഷത്തിന്‍റെ വസ്തുതകൾ വിദേശത്തല്ല പാർലമെൻറിലാണ് സർക്കാർ വിശദീകരിക്കേണ്ടത് എന്ന് തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ് പറഞ്ഞു. ജനറൽ ചൗഹാൻ സൈന്യത്തിന്‍റെ കാഴ്ചപ്പാടാണ് വിശദീകരിച്ചതെന്നും എന്നാൽ പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments