ദോഹ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തി സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ഖത്തർ സന്ദർശനം പൂർത്തിയാക്കി. എൻസി.പി നേതാവും പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിന്റെ സന്ദർശനത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി ചർച്ചകളും, ഉന്നതതല കൂടിക്കാഴ്ചകളും നടത്തി. ഖത്തറിലെ കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് സുപ്രിയ സുലെ എംപി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽതാനി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി എന്നിവരുമായും ശൂറ കൗൺസിൽ അംഗങ്ങളുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മാധ്യമങ്ങളുമായും അക്കാദമിക മേഖലയിലുള്ളവരുമായും സംഘം സംവദിച്ചു. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്നും, കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ കാലം രാജ്യം നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ദുരന്തഫലങ്ങൾ അധികൃതർക്ക് മുമ്പാകെ ബോധ്യപ്പെടുത്തിയെന്നും ഇന്ത്യൻ പ്രതിനിധിസംഘം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ആഗോളാഭിപ്രായമുണ്ടാക്കാൻ സന്ദർശനം പ്രയോജനപ്പെട്ടെന്ന് സംഘാംഗമായ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇന്ത്യൻ സംഘത്തിന്റെ സന്ദർശനത്തെ ഖത്തർ ആഭ്യന്തര സഹമന്ത്രി അഭിനന്ദിച്ചു. ഭീകരതയ്ക്കെതിരായ പ്രതിരോധത്തിൽ ഖത്തർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ പറഞ്ഞു.
ദ്വിദിന ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ഒമ്പതംഗ സംഘം ഇന്ന് രാവിലെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. തുടർന്ന് ഇത്യോപ്യ, ഈജിപ്ത് സന്ദർശനത്തോടെ ദൗത്യം പൂർത്തിയാക്കി സംഘം മടങ്ങും. സുപ്രിയ സുലെ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ കേരളത്തിൽനിന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ എം.പിമാരായ രാജീവ് പ്രതാപ് റുഡി (ബിജെപി), വിക്രംജിത് സിങ് സാഹ്നി (എഎപി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബിജെപി), ലവ്റു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.