ചെറുതോണി: ഓണാഘോഷത്തിന് ഇടുക്കി ജില്ലയിലെത്തുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് അഞ്ചുരുളിയും അയ്യപ്പൻ കോവിലും. സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി ഇടുക്കി ജലാശയവും സമീപത്തുണ്ട്. മഴ വിട്ടുനില്‍ക്കുന്നതിനാല്‍ ഇത്തവണ ഓണത്തിന് മുമ്ബേ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വരുംദിവസങ്ങളില്‍ ഇത് വർധിച്ചേക്കും. ഇടുക്കി ജലാശയത്തിന്‍റെ വിദൂരദൃശ്യമാണ് രണ്ട് പ്രദേശങ്ങളുടെയും മനോഹരിതക്ക് മാറ്റുകൂട്ടുന്നത്.
കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന അഞ്ചുരുളി ജലശയവും ടണല്‍ മുഖവും കാണാൻ സഞ്ചാരികള്‍ ധാരാളമായി എത്തുകയാണ്. കട്ടപ്പനയില്‍നിന്ന് അഞ്ചു കിലോമീറ്റർ കുട്ടിക്കാനം റൂട്ടില്‍ സഞ്ചാരിച്ചാല്‍ കക്കാട്ട്കടയിലെത്താം. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞു വീണ്ടും നാലുകിലോമീറ്റർ യാത്ര ചെയ്താല്‍ അഞ്ചുരുളിയായി.
ഇടുക്കി ജലാശയത്തിന് നടുവില്‍ ഉരുളി കമഴ്ത്തി വച്ചിരിക്കുന്നത് പോലെ അഞ്ചു പച്ചതുരുത്തുകള്‍ കാണാം. അതിനാലാണ് ഈ പ്രദേശത്തിന് അഞ്ചുരുളി എന്ന പേര് വന്നതെന്ന് പറയുന്നു. ഇരട്ടയാർ ഡാമില്‍ നിന്ന് ഇടുക്കി ജലശയത്തിലേക്ക് വെള്ളം എത്തിക്കുന്ന ആറു കിലോമീറ്റർ വരുന്ന തുരങ്കവും തുരങ്ക മുഖത്തെ വെള്ളച്ചാട്ടവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകളാണ്. ആദിവാസികളായ നാട്ടുകാരും മീൻപിടുത്തക്കാരും ചൂണ്ടയിടുന്നവരും വല കെട്ടുന്നതും ഇവിടുത്തെ പതിവ് കാഴ്ച.
സീസണില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രം സജീവമായി തുടങ്ങി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ ധാരാളം ടൂറിസ്റ്റുകള്‍ അഞ്ചുരുളി സന്ദർശിച്ചു മടങ്ങി. അഞ്ചുരുളിയിലെ റിസോർട്ടുകളും ഹോം സ്റ്റേകളും സജീവം.
കട്ടപ്പനയില്‍ നിന്ന് കുട്ടിക്കാനം റൂട്ടില്‍ 10 കിലോമീറ്റർ സഞ്ചാരിച്ചാല്‍ മാട്ടുക്കട്ടയിലെത്താം. അവിടെനിന്ന് നാലു കിലോമീറ്റർ പോയാല്‍ അയ്യപ്പൻ കോവില്‍ തൂക്കുപാലത്തിലും.
ഇടുക്കി ജലാശയത്തിനു കുറുകെ അയ്യപ്പകോവില്‍ നിർമിച്ചിരിക്കുന്ന തൂക്കുപാലം സംസ്‌ഥാനത്തെ തന്നെ വലിയ തൂക്കുപാലങ്ങളില്‍ ഒന്നാണ്. ഇതിലൂടെ കയറി മറുകരയിലെത്തി തിരിച്ചുവരുകയെന്നത് ആരെയും ആകർഷിക്കും. പാലത്തില്‍നിന്ന് നോക്കിയാല്‍ പരന്നു കിടക്കുന്ന പെരിയാറും ഇടുക്കി ജലശയവും മനോഹരമായി കാണാം. ഇപ്പോള്‍ പാലത്തില്‍ ഒരേസമയം കുറച്ചു പേർക്ക് മാത്രമേ കയറാനാകു. കൈവരികളിലെ നട്ടും ബോള്‍ട്ടും ഇളകി പാലം ബലക്ഷയം നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡും സ്ഥലത്ത് സ്‌ഥാപിച്ചിട്ടുണ്ട്. പാലത്തിനു താഴെ ഇടുക്കി ജലാശയത്തില്‍ വള്ളത്തില്‍ സഞ്ചരിക്കാനും ജലാശയത്തിന്റെ കാഴ്ച അടുത്താസ്വദിക്കാനും സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. മത്സ്യത്തൊഴിലാളികളാണ് സഞ്ചാരികള്‍ക്കായി വള്ളത്തില്‍ സഞ്ചരിക്കാൻ സൗകര്യം ക്രമികരിച്ചിരിക്കുന്നത്.
