ചെങ്ങമനാട്: ഓണനാളുകളിലെ പ്രധാന പുഷ്പമാണ് വിവിധ നിറത്തിലുള്ള ചെണ്ടുമല്ലികൾ. ഈ ചെടിയുടെ ആയുർദൈർഘ്യം മൂന്നര മാസം മുതൽ നാലര മാസം വരെയാണ്. തൈകൾ പറിച്ചു നട്ട് നല്ല പരിചരണം കൊടുത്താൽ 38 മുതൽ 42 ദിവസമാകുമ്പോൾ ചെടികൾ പൂവിടാൻ തുടങ്ങുന്നു.
അത്തത്തിന് മുമ്പ് മുതൽ തിരുവോണം വരെ നന്നായി പൂക്കൾ ലഭിക്കുന്ന തരത്തിലാണ് ഓണപ്പൂക്കളുടെ കൃഷി. ജൈവ വളങ്ങൾ ചേർത്ത് എടുക്കുന്ന വാരങ്ങളിൽ രണ്ട് അടി അകലത്തിൽ ചെടികൾ നട്ടുവളർത്തുന്നു. വളർച്ച നോക്കി ഒരു വളംകൂടി നൽകും. കേരളത്തിൽ വിവിധ ഗ്രാമങ്ങളിൽ ഇന്ന് ചെറിയ തോതിൽ പൂക്കൃഷിയുണ്ട്. ഏറ്റവും കൂടുതൽ കർഷകർ ചെണ്ടുമല്ലികൾ കൃഷി ചെയ്യുന്നത് ചേർത്തല ബ്ളോക്കിലെ ഗ്രാമീണ മേഖലയിൽ ആണ്.
കഞ്ഞിക്കുഴിലെ രണ്ടര ഏക്കർ പാടശേഖരത്തിൽ മുപ്പതിനായിരം ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷി ചെയ്തിരിക്കുകയാണ് മികച്ച പച്ചക്കറി കർഷകനായ വി. പി.സുനിൽ. പൂക്കൾ വിരിഞ്ഞ് അതിമനോഹരമായ ഈ തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങി. സന്ദർശകർക്കായി ഈ പൂന്തോട്ടം അത്തത്തിന് തുറന്നുകൊടുക്കും. ഒരാഴ്ചയോളം സന്ദർശകർക്ക് പൂന്തോട്ടത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനും റീൽസ് എടുക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കർഷകനായ സുനിൽ പറഞ്ഞു.