നാടും നഗരവും ഓണത്തിരക്കിലാണ്. സദ്യവട്ടങ്ങളും മറ്റ് സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാൻ ഓണത്തലേന്നാണ് ആളുകളുടെ നെട്ടോട്ടം. വസ്ത്രശാലകൾ, ഗൃഹോപകരണം, മൊബൈൽ സ്ഥാപനങ്ങൾ, പച്ചക്കറി, പലചരക്ക് കടകൾ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, കുടുംബശ്രീ എന്നിവിടങ്ങളിൽ വൻതിരക്കാണ്. കൂടുതൽ പേരെ ആകർഷിക്കാൻ ഉപഭോക്താക്കൾക്കായി പ്രത്യേക ഇളവുകളും സമ്മാനങ്ങളുമൊക്കെ പ്രഖ്യാപിക്കുന്നുമുണ്ട്.
പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. മഴയില്ലാത്തതും വിൽപനക്കാർക്ക് പ്രതീക്ഷ പകരുന്നു. ഓണം അടുത്തതോടെ വഴിയോരക്കച്ചവടവും ഉഷാറാണ്. ഓണത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങൾ തേടി കൂട്ടമായാണ് പലരും വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇതോടെ വസ്ത്രവ്യാപാരശാലകളിൽ തിരക്കേറിത്തുടങ്ങി. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രാത്രിയും പകലും ഒരു പോലെ തിരക്കാണ്.



