ചെങ്ങമനാട്: ഓണക്കാലത്ത് മനസ്സ് നിറയുന്നത് തമിഴ് മക്കൾക്കാണ്. കാർഷിക സമൃദ്ധമായ മലയാളക്കരയിൽ ഇന്ന് കൃഷി പരിമിതമായി. വർഷങ്ങളായി മലയാളികൾക്ക് ഓണമുണ്ണാനുള്ള പച്ചക്കറി മുതൽ വാഴയിലവരെ തമിഴ്നാട്ടിൽനിന്നാണ് വരുന്നത്. ഓണാഘോഷനാളുകളിൽ വാഴയിലയ്ക്കാണ് ഡിമാൻഡ് ഏറുന്നത്. ഓണ ദിവസങ്ങളിൽ വാഴയിലയിൽ വിഭവ സമൃദ്ധമായ ഊണ് കഴിച്ചാലേ മനസിന് തൃപ്തി വരൂ.
മലയാള നാട്ടിലേയ്ക്ക് ആവശൃമായ പച്ചക്കറികളും വാഴയിലകളും വർഷങ്ങളായി തമിഴ് നാട്ടിൽ നിന്നാണ് വരുന്നത്. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് തെങ്കാശി, തിരുനെൽവേലി ജില്ലകളിൽനിന്ന് വാഴയിലകൾ കൂടുതൽ എത്തുന്നത്. സാധാരണ നിലയിൽ 200 വാഴയില ഉൾക്കൊള്ളുന്ന ഒരു കെട്ടിന് 1,000 രൂപവരെയാണ് വില. ഓണമായതോടെ കെട്ടിന് 1500 രൂപ വരെയായി വില ഉയർന്നു, തിരുവോനാളിൽ 2,000 രൂപവരെ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു വാഴയില രണ്ടായി മുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ് നിലവിൽ വരുന്നത്.
വാഴയിലകൾക്ക് വേണ്ടി മാത്രം തിരുനെൽവേലി ഉൾപ്പെടെയുള്ള തമിഴ് നാട്ടിലെ കാർഷിക ഗ്രാമങ്ങളിൽ നാട്ടുവാഴ, ചക്കവാഴ ഉൾപ്പെടെയുള്ള പ്രത്യേകയിനം വാഴകൾ കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. ഇവയുടെ ഇലകൾ നാല് ദിവസം വരെ വാടാതിരിക്കും. പെട്ടെന്ന് കീറില്ലെന്നതും ഇവയുടെ പ്രത്യേകതയാണ്.