തിരുവല്ല: കലാ ലോകത്തിന് മുൻപിൽ കവിയൂരിനെ പരിചിതമാക്കിയ പ്രിയപ്പെട്ട പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് ഒരു ഗ്രാമം.
2017ലാണ് അവസാനമായി പൊന്നമ്മ കവിയൂരിലെത്തിയ പൊതു ചടങ്ങ്. ബിജെപി സംഘടിപ്പിച്ച കുടുംബം സംഗമത്തിലാണ് അവർ പങ്കെടുത്തത്. തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുമായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതോടെയാണ് വരവ് നിലച്ചത്.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, കമലാക്ഷി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു പൊന്നമ്മ. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. എഴുത്ത് പള്ളിക്കുടത്തിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പത്താമത്തെ വയസില്‍ അമ്മയുടെ വീടായ പൊന്‍കുന്നത്തേക്ക് മാറി. എങ്കിലും പൊന്നമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടനാടായിരുന്നു കവിയൂർ . 2014 ൽ കുടുംബ ക്ഷേത്രമായ തെക്കതിൽ കുടുംബ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്കിയത് കവിയൂർ പൊന്നമ്മ ആയിരുന്നു.
സംഗീതജ്ഞന്‍ വി.വി.ദക്ഷിണാമൂര്‍ത്തി കവിയൂര്‍ ക്ഷേത്രത്തില്‍ നാല്‍പത്തിയൊന്ന് ദിനം ഭജനം പാര്‍ക്കാനായി എത്തിയത്. സ്വാമിയുടെ ശിക്ഷണത്തിൽ ആണ് ആദ്യ സ്വരങ്ങളാണ് പൊന്നമ്മ ഹൃദയസ്ഥമാക്കിയത്. ഡോ.കവിയൂര്‍ രേവമ്മ അടക്കമുള്ളവര്‍ക്കൊപ്പമാണ് അന്ന് പഠനം തുടങ്ങിയത്. പിന്നീട് എല്‍.പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
പരദേവതയ്ക്ക് മുന്നില്‍ എല്ലാവര്‍ഷവും പ്രാര്‍ത്ഥനകളുമായി എത്തുമായിരുന്ന പൊന്നമ്മയെ കണ്ണിരോടെയാണ് ബന്ധുജനങ്ങള്‍ ഓര്‍ക്കുന്നത്. അച്ഛന്‍ ടി.പി ദാമോദരന്റെ പരമ്പരകളില്‍പെട്ടവരാണ് ഇപ്പോള്‍ കുടുംബ വീട്ടിലുള്ളത്. 2017 ല്‍ കവിയൂര്‍ ക്ഷേത്രത്തിന് മുമ്പിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ കവിയൂര്‍ പൊന്നമ്മയെ സ്വീകരിക്കാൻ ബിജെപി നേതാവ് ശോഭാസുരേന്ദ്രനും എത്തിയിരുന്നു.
